50 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക്കിന് നിരോധം

തിരുവനന്തപുരം: 50 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് വില്‍പന വെള്ളിയാഴ്ച മുതല്‍ നഗരത്തില്‍ നിരോധിച്ചു. വ്യാപാരികളുടെ കടുത്ത എതിര്‍പ്പ് മറികടന്നാണ് നടപടി. വിവാഹ സല്‍ക്കാരങ്ങളിലും മറ്റ് ആഘോഷങ്ങളിലും കുപ്പിവെള്ളം നല്‍കുന്നതിനും ഭക്ഷണസാധനങ്ങള്‍ പ്ളാസ്റ്റിക്, തെര്‍മോകോള്‍ പ്ളേറ്റുകളില്‍ വിതരണം ചെയ്യുന്നതിനും നിരോധം ഏര്‍പ്പെടുത്തി. എന്നാല്‍, വില്‍പന നടത്തുന്ന പ്ളാസ്റ്റിക് ഉല്‍പന്നങ്ങളില്‍ കോര്‍പറേഷന്‍െറ മുദ്ര പതിപ്പിക്കാനുള്ള നടപടി സ്വീകരിച്ചശേഷമേ, നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കൂ. ഈമാസം 15നകം ഹോളോഗ്രാം പതിപ്പിച്ച് തുടങ്ങാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. അതേസമയം, നഗരഹൃദയത്തിലെ ആറ് വാര്‍ഡുകളിലെ പൊതുനിരത്തുകളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് നിരോധിക്കാനുള്ള തീരുമാനം ഭരണസമിതി മരവിപ്പിച്ചു. ഇനിമുതല്‍ 50 മൈക്രോണില്‍ കൂടുതലുള്ള പ്ളാസ്റ്റിക് വില്‍പന നടത്തണമെങ്കില്‍ അതില്‍ കോര്‍പറേഷന്‍െറ മുദ്ര പതിപ്പിക്കണം. ഭക്ഷണസാധനങ്ങള്‍ പ്ളാസ്റ്റിക് പേപ്പറിലോ തെര്‍മോകോള്‍ പ്ളേറ്റുകളിലോ വിതരണം ചെയ്യരുതെന്നാവശ്യപ്പെട്ട് കല്യാണമണ്ഡപങ്ങള്‍, തട്ടുകടകള്‍ എന്നിവക്ക് കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കുപ്പിവെള്ളം നല്‍കുന്നതിനും നിരോധം ഏര്‍പ്പെടുത്തി. പകരം സ്റ്റീല്‍, ഗ്ളാസ് ടംബ്ളറുകളില്‍ കുടിവെള്ളവിതരണം നടത്തണം. കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോള്‍ നിര്‍ദേശം ലംഘിക്കപ്പെട്ടതായി കണ്ടാല്‍ രണ്ടാഴ്ച മുന്നറിയിപ്പ് നല്‍കും. ശേഷം കര്‍ശന നടപടി സ്വീകരിക്കും. എന്നാല്‍, ഹോളോഗ്രാം അച്ചടിച്ച് ലഭിച്ചിട്ടില്ല. അതിനാല്‍ നിരോധം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാവാത്ത അവസ്ഥയാണ്. 15നകം ഹോളോഗ്രാം വിതരണം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. ഫ്ളക്സ് ബോര്‍ഡ് സ്ഥാപിക്കുന്നത് നിരോധിക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി അഭിപ്രായ സമന്വയത്തിലത്തൊന്‍ കഴിയാത്തതുകൊണ്ടാണ് പദ്ധതി തല്‍ക്കാലം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.