തീരത്തടിഞ്ഞ കപ്പല്‍ തീരവാസികളുടെ ഉറക്കം കെടുത്തുന്നു

ഇരവിപുരം: ശക്തമായ കാറ്റില്‍പെട്ട് തീരത്തടിഞ്ഞ കപ്പല്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കപ്പല്‍ തീരത്തടിഞ്ഞ് മണ്‍കൂന രൂപപ്പെട്ടതോടെ കച്ചിക്കടവ് തീരപ്രദേശത്ത് കടല്‍കയറ്റം രൂക്ഷമാകുകയും തെങ്ങുകളും കരയും കടലെടുക്കുകയും ചെയ്തു. കച്ചിക്കടവ് മുതല്‍ കാക്കതോപ്പ് വരെ തീരപ്രദേശത്തുള്ള നിരവധി വീടുകള്‍ ഏതുസമയവും കടലെടുക്കാവുന്ന നിലയിലാണ്. തീരത്തോട് ചേര്‍ന്നുള്ള വീടുകളിലെ ശുചിമുറികള്‍ പലതും തകര്‍ന്നു. 25ഓളം തെങ്ങുകളാണ് ശക്തമായ വേലിയേറ്റത്തില്‍പെട്ട് കടപുഴകിയത്. ഒരാഴ്ച മുമ്പാണ് കൊല്ലം പോര്‍ട്ടിന് പുറത്ത് കടലില്‍ നങ്കൂരമിട്ടിരുന്ന മുംബൈ ആസ്ഥാനമായ കമ്പനിയുടെ ‘ഹെന്‍സിതാ’ എന്ന കപ്പല്‍ നങ്കൂരം തകര്‍ന്ന് ഇരവിപുരം കച്ചിക്കടവ് തീരത്തണഞ്ഞത്. കപ്പല്‍ മണ്ണില്‍ പുതഞ്ഞ് ഒരുവശം ചരിഞ്ഞതോടെ തിരമാലകള്‍ തീരത്തേക്കും കപ്പലിലേക്കും അടിച്ചുകയറാന്‍ തുടങ്ങി. കപ്പലിലേക്ക് തിരമാലകള്‍ ശക്തമായി അടിച്ചുതുടങ്ങിയതോടെ പരിസരത്തെ വീടുകളില്‍ ഭൂമി കുലുക്കത്തിന്‍െറ പ്രതീതിയാണ് ഉണ്ടാക്കുന്നത്. ആദ്യമൊക്കെ കപ്പല്‍ കാണാന്‍ ധാരാളം പേര്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ സന്തോഷത്തിലായിരുന്നു. കപ്പല്‍ കിടക്കുന്ന ഭാഗം മണ്ണുകയറി മൂടുകയും മറ്റുള്ള തീരം കടലെടുക്കാന്‍ തുടങ്ങുകയും ചെയ്തു. ഇതോടെയാണ് കപ്പല്‍ നാട്ടുകാര്‍ക്ക് വിനയായത്. കപ്പലില്‍ കയറുന്ന വെള്ളം പമ്പ് ഉപയോഗിച്ച് കളയുന്നുണ്ടെങ്കിലും വീണ്ടും വെള്ളംകയറുകയാണ്. തുറമുഖ അധികൃതരുടെ എന്‍.ഒ.സി ലഭിച്ചാലുടന്‍ ടഗ് കൊണ്ടുവന്ന് കപ്പല്‍ കെട്ടിവലിച്ചുകൊണ്ടുപോകാമെന്നാണ് ഉടമകളുടെ പ്രതിനിധികള്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.