തീരമേഖലയില്‍ 12 വയസ്സുള്ള കുട്ടിക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് തീരമേഖലയില്‍ കുഷ്ഠരോഗം സ്ഥിരീകരിച്ചു. ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന ദിനാചരണത്തിന്‍െറ ഭാഗമായി വള്ളക്കടവില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പിലാണ് 12 വയസ്സുള്ള കുട്ടിക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചത്. തുടച്ചുമാറ്റപ്പെട്ടു എന്ന് കരുതിയിരുന്ന സാംക്രമിക രോഗങ്ങളില്‍പെട്ട ഒന്നാണ് കുഷ്ഠം. അതാണ് ഇപ്പോള്‍ വീണ്ടും കണ്ടത്തെിയിരിക്കുന്നത്. എന്നാല്‍, കുഷ്ഠരോഗം തുടച്ചുമാറ്റപ്പെട്ടു എന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് ഇപ്പോഴും രോഗം അങ്ങിങ്ങ് സ്ഥിരീകരിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍െറ വെളിപ്പെടുത്തല്‍. മുന്‍കാലങ്ങളെപ്പോലെ ഭീതിജനകമായി ഈ രോഗത്തെ കാണേണ്ടതില്ളെന്നും ആറുമുതല്‍ 12 മാസംവരെ നടത്തുന്ന കൃത്യമായ ചികിത്സകൊണ്ട് പൂര്‍ണമായും സുഖപ്പെടുത്താനാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വള്ളക്കടവ് സ്കൂളില്‍ ശനിയാഴ്ച നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 411 പേരെ പരിശോധനക്ക് വിധേയരാക്കിയത്. അതിലാണ് ഒരു കുട്ടിക്ക് രോഗം ഉള്ളതായി ഡോക്ടര്‍മാര്‍ക്ക് സംശയമുണ്ടായത്. പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചികിത്സ ആരംഭിക്കുന്നതിനു മുന്നോടിയായി കൂടുതല്‍ പരിശോധനക്ക് കുട്ടിയെ വിധേയമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് ലെപ്രസി ഓഫിസര്‍ ഡോ. പത്മലത പറഞ്ഞു. തലസ്ഥാനത്ത് തീരമേഖലയില്‍ രോഗം ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ഇപ്പോള്‍ രോഗം കണ്ടത്തെി എന്നതിനാല്‍ ആശങ്കപ്പെടാനില്ളെന്നും അവര്‍ പറഞ്ഞു. തൊലിപ്പുറത്തുണ്ടാകുന്ന നിറംമങ്ങിയതോ സ്പര്‍ശനശേഷി ഇല്ലാത്തതോ ആയ പാടുകളും പേശികളുടെ ബലക്ഷയവും കുഷ്ഠരോഗ ലക്ഷണങ്ങളാകാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇത്തരം ശാരീരിക ലക്ഷണങ്ങളെ അവഗണിക്കരുത്. തുടക്കത്തില്‍തന്നെ രോഗം സ്ഥിരീകരിച്ചാല്‍ എത്രയുംവേഗം പൂര്‍ണസുഖം പ്രാപിക്കാം. അതിനാല്‍ സംശയമുള്ളവര്‍ കാലേക്കൂട്ടി പരിശോധനകള്‍ക്ക് വിധേയമായി സംശയദൂരീകരണം നടത്തണമെന്നും ആരോഗ്യവകുപ്പ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ബാക്ടീരിയ മുഖേന, വായുവിലൂടെയാണ് രോഗം പകരുന്നത്. പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടാകാറില്ല. അതിനാല്‍തന്നെ മിക്കവരിലും രോഗത്തെ സംബന്ധിച്ച് ശ്രദ്ധക്കുറവ് ഉണ്ടാകുന്നത് പതിവാണ്. 1983നു ശേഷം ലോകാരോഗ്യസംഘടന കൊണ്ടുവന്ന ‘മള്‍ട്ടി ഡ്രഗ്സ് തെറപ്പി’ചികിത്സകൊണ്ട് പൂര്‍ണമായും രോഗം സുഖപ്പെടുത്താം. വള്ളക്കടവില്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സ്ഥലത്ത് കൂടുതല്‍ പേരില്‍ പരിശോധനകള്‍ നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കുട്ടിയുടെ ബന്ധുക്കളെയും പരിശോധനകള്‍ക്ക് വിധേയമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.