ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി: വെഞ്ഞാറമൂട് സബ് ഡിവിഷന്‍ ഓഫിസ് പൊന്നമ്പിയിലേക്ക് മാറ്റുന്നു

വെഞ്ഞാറമൂട്: കെ.എസ്.ഇ.ബി വെഞ്ഞാറമൂട് സബ് ഡിവിഷന്‍ ഓഫിസ് വെഞ്ഞാറമൂട്ടില്‍നിന്ന് യാത്രാ സൗകര്യമില്ലാത്ത പൊന്നമ്പിയിലേക്ക് മാറ്റാന്‍ നീക്കം. 26000ത്തോളം ഉപഭോക്താക്കളെ ഇത് ബാധിക്കും. ഒപ്പം പുല്ലമ്പാറ പഞ്ചായത്തിലെ സെക്ഷന്‍ ഓഫിസ് എന്ന സ്വപ്നവും പൊലിയും. കെ.എസ്.ഇ.ബി ബില്‍ സെക്ഷന്‍ കൂടാതെ എ.ഇ, സബ് ഡിവിഷനല്‍ എന്‍ജിനീയര്‍ എന്നിവരുടെ കാര്യാലയമടക്കമാണ് മാറ്റുന്നത്. ബില്ല് അടയ്ക്കുന്നവരെ അടക്കം ഇത് ബാധിക്കും. എം.സി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസാണ് ഇവിടെനിന്ന് ഒരു കിലോമീറ്റര്‍ അകലെ പൊതുഗതാഗത സംവിധാനമോ, സഞ്ചാരയോഗ്യമായ റോഡോ ഇല്ലാത്ത പാലാംകോണം പൊന്നമ്പി സബ്സ്റ്റേഷനിലേക്ക് മാറ്റുന്നത്. നിലവിലെ കെട്ടിടത്തിന്‍െറ വാടക ഇരട്ടിയാക്കി ഉയര്‍ത്തണമെന്ന കെട്ടിട ഉടമയുടെ ആവശ്യം കാരണമാണ് മാറ്റമെന്ന് അധികൃതര്‍ പറയുന്നു.10,000 രൂപയില്‍നിന്നും വാടക 20,000 ആക്കി കൂട്ടണമെന്നാണ് ഉടമ പറയുന്നതത്രെ. ഇത് ഈ സര്‍ക്കാറിന്‍െറ കാലത്ത് കൊണ്ടുവന്ന വാടക നിയമത്തിനെതിരാണ്. നെല്ലനാട് പഞ്ചായത്ത് സ്ഥലം വിട്ടുനല്‍കിയാല്‍ അവിടെ കെട്ടിടം നിര്‍മിച്ച് ഓാഫിസ് പ്രവര്‍ത്തിപ്പിക്കാമെന്നാണ് വകുപ്പ് പറയുന്നത്. അതിന് സാവകാശം വേണമെന്നിരിക്കെ തിടുക്കപ്പെട്ട് ഓഫിസ് ഒഴിയുന്നതിനുപകരം ജനപ്രതിനിധികളുടെ സഹായത്തോടെ കെട്ടിട ഉടമയുമായി നീക്കുപോക്ക് നടത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. നെല്ലനാട്, കല്ലറ, പുല്ലമ്പാറ പഞ്ചായത്തുകളിലെ കെ.എസ്.ഇ.ബി ഹെഡ് ഓഫിസ് കൂടിയാണിത്. 15000 ഉപഭോക്താക്കളില്‍ കൂടുതലായാല്‍ പുതിയ സെക്ഷന്‍ ഓഫിസ് തുടങ്ങാം. പുല്ലമ്പാറ പഞ്ചായത്തിലെ മരുതുംമൂട്ടില്‍ പഞ്ചായത്ത് വാടക ഇല്ലാതെ കെട്ടിടം വിട്ടുനല്‍കിയതിനാല്‍ അവിടെ സെക്ഷന്‍ ഓഫിസ് സ്ഥാപിക്കും. പൊന്നമ്പിയും ഇതേ പഞ്ചായത്തിലാണ്. രണ്ട് ഓഫിസുകളും ഒരേ പഞ്ചായത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. എല്ലാവര്‍ക്കും പൊന്നമ്പിയെക്കാള്‍ സൗകര്യം മരുതുംമൂടും വെഞ്ഞാറമൂടുമാണ് അതിനാല്‍ കെട്ടിടമാറ്റ വിഷയത്തില്‍ സ്ഥലം എം.എല്‍.എ അടക്കമുള്ളവര്‍ ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.