നെടുമങ്ങാട്: നഗരത്തിന്‍െറ മുഖച്ഛായ മാറ്റുന്ന ഭാവിവികസനത്തിനുള്ള മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്ന നടപടികള്‍ അന്തിമഘട്ടത്തില്‍. വാഹനപ്പെരുപ്പം കൂടിയിട്ടും നഗരത്തിലെ റോഡുകള്‍ പഴയ ഗതിയിലാണ്. പ്രധാനപ്പെട്ട ഓഫിസുകളും കോടതിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും നഗരഹൃദയത്തില്‍ ഉള്ളതിനാല്‍ തിരക്ക് കൂടുതലാണ്. വാഹന പാര്‍ക്കിങ്ങിനും കാല്‍നടക്കും പ്രത്യേക സൗകര്യമില്ലാത്ത നഗരത്തില്‍ ഗതാഗതക്കുരുക്ക് പതിവാണ്. നഗരത്തിന്‍െറ ശോച്യാവസ്ഥ മാറ്റാന്‍ നഗരാസൂത്രണ വകുപ്പ് തയാറാക്കിയ മാസ്റ്റര്‍ പ്ളാനില്‍ നിരവധി പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. \തിരക്ക് കുറക്കാന്‍ നഗരത്തിലെ 41 റോഡുകളുടെ വീതി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങള്‍ പ്ളാനിലുണ്ട്. പതിനൊന്നാംകല്ല്-ചന്തമുക്ക് - കച്ചേരിനട- സത്രംമുക്ക് -പഴകുറ്റി റോഡ് നാലുവരി പാതയായി വികസിപ്പിക്കുന്നതിന് ഇരുപത്തിനാല് മീറ്റര്‍ വീതി വേണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നിട്ടുള്ളത്. റോഡിനിരുവശവുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതിനുശേഷം വീണ്ടും ആവശ്യം വരുന്ന സ്ഥലം വിലയ്ക്കെടുക്കാനും പ്ളാന്‍ നിര്‍ദേശിക്കുന്നു. നാലുവരി പാതയും മധ്യത്തില്‍ ഒരു മീറ്റര്‍ ഡിവൈഡറും രണ്ട് വശങ്ങളിലായി രണ്ട് മീറ്റര്‍ വീതം ഫുട്പാത്തും ഉള്‍പ്പെടുത്തിയായിരിക്കും റോഡ് നിര്‍മാണം. എസ്.എച്ച് 2/45,എസ്.എച്ച് 2/47 റോഡുകള്‍ 24 മീറ്ററിലും വാളിക്കോട് -വട്ടപ്പാറ റോഡ് 18 മീറ്റര്‍, നെടുമങ്ങാട്-കരുപ്പൂര് റോഡ്, നെടുമങ്ങാട് -പുലിപ്പാറ -ആനാട് , എല്‍.ഐ.സി-കച്ചേരി-സൂര്യ റോഡ്, പഴകുറ്റി -മുക്കോലയ്ക്കല്‍ സമാന്തരറോഡ്, നെടുമങ്ങാട്-മഞ്ച -അരുവിക്കര, പതിനാറാംകല്ല്-കാഞ്ഞിരംപാറ, വാളിക്കോട്-ഇ.ഇ.സി മാര്‍ക്കറ്റ് റോഡുകള്‍ 15 മീറ്റര്‍ വീതിയിലും മന്നൂര്‍ക്കോണം-കുളപ്പട, പരിയാരം-പൂവത്തൂര്‍, മേലേതേക്കട-പൂവത്തൂര്‍-ചെന്തിപ്പൂര് , മേലേതേക്കട-നരിക്കല്ല്-ശീമവിള , മുക്കോല-പൂവത്തൂര്‍-പത്താംകല്ല്, ചിറത്തലയ്ക്കല്‍-മുളമുക്ക്-വേങ്കോട്, നെടുമങ്ങാട്-വെള്ളനാട് റോഡുകള്‍ 12 മീറ്റര്‍ വീതിയിലും നിര്‍മിക്കണമെന്നാണ് പ്ളാന്‍ നിര്‍ദേശിക്കുന്നത് . 14 ജങ്ഷനുകളുടെ മെച്ചപ്പെടുത്തലും എട്ടിടത്ത് പാര്‍ക്കിങ് സ്ഥലങ്ങള്‍ നിര്‍മിക്കാനും ദൂരയാത്ര ബസ് സ്റ്റേഷന്‍ പത്താം കല്ലിനു സമീപം മാറ്റിസ്ഥാപിക്കാനും ബസ് ബേകളുടെ നിര്‍മാണത്തിനും പ്ളാനില്‍ നിര്‍ദേശങ്ങളുണ്ട്.കിള്ളിയാറിന്‍െറ ഇരുകരയിലും പത്ത് മീറ്റര്‍ വീതവും തോടുകളുടെ കരകളില്‍ നിന്ന് മൂന്ന് മീറ്റര്‍ വീതവും ഒഴിവാക്കിക്കൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും അനുവദിച്ചാല്‍ മതിയെന്ന് ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. പൊതുസമൂഹവും ഉദ്യോഗസ്ഥരും ചര്‍ച്ചയിലൂടെ തയാറാക്കിയ പ്ളാനിലെ നിര്‍ദേശങ്ങള്‍ നഗരസഭ സ്ഥിരം സമിതികള്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പ്ളാനിന് പൂര്‍ണരൂപം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.