വിളപ്പില്‍ശാല: അനുയോജ്യമല്ലാത്ത സ്ഥലത്ത് ചവര്‍ ഫാക്ടറി സ്ഥാപിച്ച നഗരസഭയുടെ നടപടി തെറ്റെന്നും അടച്ചുപൂട്ടണമെന്നുമുള്ള ചെന്നൈ ഹരിത ട്രൈബ്യൂണല്‍വിധി ചോദ്യം ചെയ്തുള്ള നഗരസഭയുടെ ഹരജി സുപ്രീംകോടതിയും തള്ളിയതോടെ വിളപ്പില്‍ശാലയില്‍ നാട്ടുകാരുടെ ആഘോഷം. വിളപ്പില്‍ശാല സംയുക്തസമരസമിതി സമര്‍പ്പിച്ച കേസില്‍ കഴിഞ്ഞ ആഗസ്റ്റ് 31നാണ് ദേശീയ ഹരിത കോടതി ചെന്നൈ ബെഞ്ച് ചവര്‍ ഫാക്ടറി അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ട് ആറുമാസത്തെ സമയം നഗരസഭക്ക് നല്‍കിയത്. എന്നാല്‍, ഇത് ചോദ്യം ചെയ്ത് നഗരസഭ നല്‍കിയ കേസാണ് വെള്ളിയാഴ്ച സുപ്രീംകോടതി തള്ളിയത്. ഇതോടെ ചവര്‍ വിഷയത്തില്‍ ഏതാണ്ട് തീരുമാനമായി. ഇനിയുള്ളത് കോടതി നിര്‍ദേശപ്രകാരമുള്ള നടപടികളാണ്. പ്ളാന്‍റില്‍ അവശേഷിക്കുന്ന മാലിന്യം നീക്കുക, യന്ത്രങ്ങള്‍ നീക്കുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. കോടതിവിധിയെ വിളപ്പില്‍ശാലക്കാര്‍ ആഹ്ളാദത്തോടെയാണ് വരവേറ്റത്. വിളപ്പില്‍ശാല ക്ഷേത്ര ജങ്ഷനില്‍ ഒത്തുകൂടി തങ്ങളുടെ സന്തോഷം പങ്കുവെച്ചു. വിഷയത്തില്‍ അന്തിമവിധി വന്നതിനത്തെുടര്‍ന്ന് സംയുക്തസമരസമിതിയും ജനകീയസമിതിയും സമരം അവസാനിപ്പിക്കും. കേസ് വാദിച്ച അഡ്വ. കാളീശ്വരം രാജ്, ചെന്നൈയിലെ അഡ്വ. പുരുഷോത്തമന്‍, അഡ്വ. തങ്കപ്പാണ്ടി, ചെന്നൈ സാമൂഹികപ്രവര്‍ത്തകന്‍ ബി.പി. നന്ദകുമാര്‍, നിയമസഹായവേദി ഡോ. എന്‍.എ. കരീം, ബി.ആര്‍.പി. ഭാസ്കര്‍, കാനായി കുഞ്ഞിരാമന്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരോട് നന്ദി അറിയിക്കാന്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കളായ ബുര്‍ഹാന്‍, ശോഭനകുമാരി, സി.എസ്. അനില്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.