ആശ്രാമം ഇ.എസ്.ഐ ആശുപത്രിയെ സൂപ്പര്‍ സ്പെഷാലിറ്റിയാക്കും –എം.പി

കൊല്ലം: ആശ്രാമം ഇ.എസ്.ഐ ആശുപത്രിയെ സൂപ്പര്‍ സ്പെഷാലിറ്റിയായി വികസിപ്പിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് ആശ്രാമം ഇ.എസ്.ഐ സന്ദര്‍ശിക്കുകയായിരുന്നു എം.പി. നിലവിലെ 200 കിടക്ക കൂടാതെ ആശുപത്രിയില്‍ നൂറുകിടക്ക കൂടി അനുവദിക്കാമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയയുമായും ഇ.എസ്.ഐ ഡയറക്ടര്‍ ജനറല്‍ ദീപക് കുമാറുമായും നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചതായി എം.പി പറഞ്ഞു. ഗ്യാസ്ടോ എന്‍ഡോളജി, എന്‍ഡോക്രൈനോളജി വിഭാഗങ്ങള്‍ ആധുനികവത്കരിക്കാനും കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനും നടപടി സ്വീകരിച്ചുവരുന്നു. അപകടത്തില്‍പെട്ട് എത്തുന്ന രോഗികളെ എല്ലാ സജ്ജീകരണങ്ങളോടുംകൂടിയ ന്യൂറോ സര്‍ജറി വിഭാഗത്തിന്‍െറ അഭാവംമൂലം മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്. ആശുപത്രികളിലേക്ക് എത്താനുള്ള സമയനഷ്ടം മൂലം ഒട്ടനവധി ജീവന്‍ നഷ്ടപ്പെട്ട സംഭവങ്ങളുണ്ടായി. ഇതൊഴിവാക്കാന്‍ ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ന്യൂറോ സര്‍ജറി വിഭാഗം അനിവാര്യമാണ്. ഓങ്കോളജി, പ്ളാസ്റ്റിക് സര്‍ജറി, കാര്‍ഡിയോ വാസ്കുലര്‍, തൊറാസിക് സര്‍ജറി വിഭാഗങ്ങളിലെ വിദഗ്ധ ചികിത്സക്ക് ഇപ്പോള്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സി.ടി, എം.ആര്‍.ഐ, മാമോഗ്രാം തുടങ്ങി റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിന്‍െറ വികസനമാണ് അടിയന്തരമായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയായി ആശ്രാമം ഇ.എസ്.ഐ മോഡല്‍ ആശുപത്രിയെ മാറ്റാനുള്ള വികസന പദ്ധതിക്കാണ് രൂപകല്‍പന ചെയ്യുന്നത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു. ഇ.എസ്.ഐ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. സുരേഷ് ബാബു, കാപെക്സ് ചെയര്‍മാന്‍ അഡ്വ: ഫിലിപ് കെ. തോമസ് എന്നിവരും എം.പിയോടൊപ്പം പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.