തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലേക്ക്

വെഞ്ഞാറമൂട്: പൊരിവെയിലില്‍ പണിയെടുക്കുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ പട്ടിണിയിലേക്ക്. മാസങ്ങളായി പണിക്കൂലി കിട്ടാത്തതാണ് ആയിരക്കണക്കിന് കുടുംബങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 35 കോടിയില്‍പരം രൂപ കൊടുത്തുതീര്‍ക്കാനുണ്ട്. കേന്ദ്രത്തില്‍നിന്ന് തുക കിട്ടാത്തതാണ് പണവിതരണം മുടങ്ങാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. മലയോര പിന്നാക്ക മേഖലയില്‍പെട്ട വാമനപുരം ബ്ളോക് പഞ്ചായത്തില്‍ മൂന്നുകോടി ആറുലക്ഷത്തിഅറുപത്തിഅയ്യായിരം രൂപ കൊടുത്തുതീര്‍ക്കാനുണ്ട്. വാമനപുരം പഞ്ചായത്തില്‍ 99.58 ലക്ഷവും, നെല്ലനാട് പഞ്ചായത്തില്‍ 33.43, കല്ലറയില്‍ 13.74, മാണിക്കല്‍ 9.8, നന്ദിയോട് 23.28, പെരിങ്ങമ്മല 26.22, പുല്ലമ്പാറ 36.79, പാങ്ങോട് 63.53 ലക്ഷം രൂപയുമാണ് കൊടുത്തുതീര്‍ക്കാനുള്ളത്. നിലവില്‍ കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന എന്‍.ആര്‍.ഇ.ജി ഫണ്ട് സംസ്ഥാന സര്‍ക്കാറാണ് വിതരണം ചെയ്യുന്നത്. ആധാറിന്‍െറയും ബാങ്ക് അക്കൗണ്ടിന്‍റെയും അടിസ്ഥാനത്തില്‍ ഫണ്ട് വിതരണം തുടങ്ങിയതോടെ കേന്ദ്രം നേരിട്ട് തുക വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ്. ജില്ലയില്‍ ഇതിന്‍െറ ട്രയല്‍ നടക്കുന്നത് വാമനപുരം പഞ്ചായത്തിലാണ്. അവിടെയാണ് ഏറ്റവും കൂടുതല്‍ തുക നല്‍കാനുള്ളത്. സംഘം ചേര്‍ന്നാണ് ജോലി നോക്കുന്നതെങ്കിലും ഇവര്‍ കൂലി വാങ്ങുന്ന കാര്യത്തില്‍ അസംഘടിതരാണ്. അതാണ് കൂലി സമയത്ത് ലഭിക്കാത്തതും. കൂലി ഇല്ളെങ്കിലും പണി കാര്യമായി നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.