റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് മെംബര്‍ ചമഞ്ഞ് തട്ടിപ്പ്; കര്‍ണാടക സ്വദേശി അറസ്റ്റില്‍

വട്ടിയൂര്‍ക്കാവ്: റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് മെംബര്‍ ചമഞ്ഞ് തൊഴില്‍ തട്ടിപ്പ്. കര്‍ണാടക സ്വദേശി അറസ്റ്റില്‍. കര്‍ണാടക ഹസന്‍ ജില്ലയില്‍ ഹുബ്ളി, ഗവിസ്വാമിനി ഹള്ളി സ്വദേശി കപില്‍ ശര്‍മ എന്നറിയപ്പെടുന്ന രാധാകൃഷ്ണനെയാണ് (30) വട്ടിയൂര്‍ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. താന്‍ റയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അംഗമാണെന്നും ദേവഗൗഡ സ്വന്തം വല്യച്ചനാണെന്നും ആളുകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തൊഴില്‍ തട്ടിപ്പ്. ഇതിനു പുറമേ കര്‍ണാടക ആഭ്യന്തരമന്ത്രി അമ്മാവനാണെന്നും ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നു. റയില്‍വേ, വിദേശ രാജ്യങ്ങള്‍, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജോലി തരപ്പെടുത്തി നല്‍കാന്‍ ഇയാള്‍ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങിയിരുന്നു. ഇയാള്‍ക്ക് മൂന്നുലക്ഷം രൂപ നല്‍കി നിശ്ചിത സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് പത്തനാപുരം സ്വദേശി നെബിന്‍ ഈപ്പന്‍ വട്ടിയൂര്‍ക്കാവ് പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. മൂന്ന് വര്‍ഷം മുമ്പ് കര്‍ണാടകയിലെ വീട് വിട്ടിറങ്ങിയ ഇയാള്‍ കേരളത്തില്‍ എത്തുകയായിരുന്നു. കഴക്കൂട്ടത്തിനു സമീപം ഒരു വീട്ടില്‍ പേയിങ് ഗെസ്റ്റായി താമസം തുടങ്ങിയ ഇയാള്‍ വൈകാതെ വട്ടിയൂര്‍ക്കാവിലെ ഒരു ഫ്ളാറ്റിലേക്ക് താമസം മാറ്റി. ആര്‍ഭാട ജീവിതം നയിച്ചുവന്ന ഇയാളുടെ വലയില്‍ നിരവധിപേര്‍ കുടുങ്ങിയതായാണ് സൂചന. ഇയാള്‍ പിടിയിലായതറിഞ്ഞു ബുധനാഴ്ച നാലുപരാതിക്കാര്‍ കൂടി പൊലീസ് സ്റ്റേഷനില്‍ എത്തി. വിലകൂടിയ ആഡംബരകാറുകള്‍ വാടകക്ക് എടുത്ത് ഡ്രൈവറെയും നിയമിച്ച് കാറില്‍ റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് അംഗം എന്ന ബോര്‍ഡും ഘടിപ്പിച്ചായിരുന്നു ഇയാള്‍ യാത്ര ചെയ്തിരുന്നത്. കേരള മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമാണെന്നും ഇയാള്‍ ഉദ്യോഗാര്‍ഥികളെ പറഞ്ഞു കബളിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ജോലിക്കായി പണം വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ ഇയാളെ പേരൂര്‍ക്കട അമ്പലംമുക്കിന് സമീപത്തുനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പൊലീസ് പിടികൂടുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ സഞ്ജയ് കുമാര്‍ ഗുരിഡിന്‍െറ നിര്‍ദേശ പ്രകാരം വട്ടിയൂര്‍ക്കാവ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അനൂപ് ആര്‍. ചന്ദ്രന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.