കാട്ടാക്കട: അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുകയാണ് നിയോജക മണ്ഡലത്തിലെ വിളപ്പില്‍ശാല, നരുവാമൂട്, മാറനല്ലൂര്‍ പൊലീസ് സ്റ്റേഷനുകള്‍. മാറനല്ലൂര്‍, വിളപ്പില്‍ശാല സ്റ്റേഷനുകളില്‍ പൊലീസുകാര്‍ക്ക് വസ്ത്രം മാറാനോ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനോ സൗകര്യമില്ല. കൂടാതെ, മാറനല്ലൂരില്‍ സ്റ്റേഷനില്‍ ലോക്കപ്പ് ഇല്ലാത്തതുകാരണം ക്രിമിനല്‍ കേസുകളില്‍ പിടികൂടുന്ന പ്രതികളെ ജനല്‍ കമ്പികളിലും മേശ കാലുകളിലുമാണ് വിലങ്ങിട്ടുപൂട്ടുന്നത്. ഇത്തരത്തില്‍ കിടന്ന പ്രതികള്‍ ചാടി പോവുകയും പഴി പാറാവിനുമേല്‍ ചാര്‍ത്തപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. കേസില്‍പെട്ട വാഹനങ്ങള്‍ സ്റ്റേഷന്‍ വളപ്പിലും റോഡിലുമായി ഇട്ടിരിക്കുകയാണ്. കൂടാതെ സ്റ്റേഷന്‍, കമ്പ്യൂട്ടര്‍ മുറി, വിശ്രമ മുറി എന്നിവ ശോച്യാവസ്ഥയിലാണ്. രണ്ട് സ്റ്റേഷനുകളിലും കെട്ടിടങ്ങളുടെ ഭിത്തികള്‍ പൊട്ടിപ്പൊളിഞ്ഞ് ചോര്‍ന്നൊലിച്ചു കിടക്കുന്നു. 2006ല്‍ ആയുര്‍വേദ ആശുപത്രിയുടെ ക്വാര്‍ട്ടേഴ്സില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിച്ച മാറനല്ലൂര്‍ സ്റ്റേഷന് കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്ത് സ്ഥലം നല്‍കുകയും ആഭ്യന്തരമന്ത്രി തറക്കല്ല് ഇടുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ പാളി. അരനൂറ്റാണ്ടോളം പഴക്കമുള്ള വാടകകെട്ടിടത്തിലാണ് വിളപ്പില്‍ശാല പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം പഞ്ചായത്ത് നല്‍കിയെങ്കിലും കെട്ടിടം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ഇനിയും അകലെയാണ്. അധിക ജോലിയും സ്റ്റേഷനിലെ ദുരിതാവസ്ഥയും പേറി ദുരിതക്കയത്തിലാണ് ഉദ്യോഗസ്ഥര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.