സര്‍ക്കാര്‍ വഷളാക്കിയ തകരപ്പറമ്പ്-പവര്‍ഹൗസ് റോഡ്

തിരുവനന്തപുരം: തകരപ്പറമ്പ്- പവര്‍ഹൗസ് റോഡിന്‍െറ ശോച്യാവസ്ഥ, എം.ജി റോഡിലെ അനധികൃത ഫീസ് പിരിവ്, അനന്തമായി നീളുന്ന ഓപറേഷന്‍ അനന്ത എന്നീ വിഷയങ്ങള്‍ ഉയര്‍ത്തി ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ തിങ്കളാഴ്ച റോഡ് ഉപരോധിക്കുന്നു. വ്യാപാരികള്‍ ഉയര്‍ത്തിയ പ്രശ്നം പരിഹരിക്കുന്നതില്‍ വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും കലക്ടറും നടത്തിയ വീഴ്ചയാണ് റോഡ് ഉപരോധത്തിലേക്ക് എത്തിയിരിക്കുന്നത്. ജനുവരി നാലിന് വൈകീട്ട് 3.30ന് പഴവങ്ങാടി- എം.ജി റോഡില്‍ സംഘടിപ്പിക്കുന്ന ജനകീയ ഉപരോധം സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി സമിതി തകരപ്പറമ്പ്- പഴവങ്ങാടി യൂനിറ്റിന്‍െറ ആഭിമുഖ്യത്തിലാണ് വ്യാപാരികള്‍ സര്‍ക്കാറിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പഴവങ്ങാടി- തകരപ്പറമ്പ് മേല്‍പ്പാലം പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പാലത്തിന് താഴെ ഇരുവശത്തുമുള്ള റോഡുകളുടെ ശോച്യാവസ്ഥക്ക് പരിഹാരം ഉണ്ടായില്ളെന്നാണ് വ്യാപാരികളുടെ ആക്ഷേപം. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു വര്‍ഷത്തിനകം സ്ഥിര പുനരധിവാസം നല്‍കാമെന്ന വാഗ്ദാനം മന്ത്രി പാലിച്ചില്ല. മേല്‍പ്പാല ഉദ്ഘാടനത്തിന് മുമ്പ് മുഖ്യമന്ത്രിയുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പുനരധിവാസത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും ഒന്നും ചെയ്തില്ളെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വര്‍ഷത്തിനകം സ്ഥിരം പുനരധിവാസം നല്‍കാമെന്ന് വാഗ്ദാനം നല്‍കി കുടിയൊഴിപ്പിച്ച 50 ഓളം വ്യാപാരികള്‍ ഇപ്പോഴും സെന്‍ട്രല്‍ തീയറ്റര്‍ റോഡിലെ താല്‍ക്കാലിക ബങ്കുകളില്‍ നിത്യചെലവിന് പോലും വഴിയില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ എ. അനൂപ് ആക്ഷേപിക്കുന്നു. പ്രശ്നം പരിഹരിക്കുന്നതിന് പകരം സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രിയെ കൊണ്ട് പ്രസ്താവന നടത്തിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപവും ആക്ഷന്‍ കൗണ്‍സിലിനുണ്ട്. പരിഹാരം കാണുന്നതുവരെ പ്രക്ഷോഭം തുടരാനുള്ള തീരുമാനത്തിലാണ് വ്യാപാരികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.