തിരുവനന്തപുരം: കൗണ്‍സിലറുടെ ആകസ്മിക മരണത്തെതുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന വാഴോട്ടുകോണത്ത് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ഫെബ്രുവരി മൂന്നുവരെ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാനും ഒഴിവാക്കാനും അവസരം നല്‍കിയിട്ടുണ്ട്. അതിനുശേഷമാകും തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാവുക. ഫെബ്രുവരി മൂന്നാം വാരത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ 2015 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍പട്ടിക തയാറാക്കിയിരുന്നത്. എന്നാലിപ്പോള്‍ 2016 ജനുവരി ഒന്ന് കഴിഞ്ഞതിനാല്‍ പഴയ പട്ടിക ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ സമീപിക്കാന്‍ കഴിയില്ല. 18 വയസ്സ് പൂര്‍ത്തിയായ പുതിയ വോട്ടര്‍മാരെക്കൂടി ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക തയാറാക്കുന്നത്. സി.പി.എം കൗണ്‍സിലര്‍ മൂന്നാംമൂട് വിക്രമന്‍െറ മരണമാണ് ഉപതെരഞ്ഞെടുപ്പിലേക്ക് തലസ്ഥാനത്തെ എത്തിച്ചത്. കോര്‍പറേഷനിലെ എല്‍.ഡി.എഫ് ഭരണത്തിന് ഉപതെരഞ്ഞെടുപ്പ് അഭിമാന പോരാട്ടമാണ്. 100 വാര്‍ഡുള്ള കോര്‍പറേഷനില്‍ കേവല ഭൂരിപക്ഷം പോലുമില്ലാതെ ഏറ്റവും വലിയ കക്ഷിയെന്ന നിലയിലാണ് ഇടതുമുന്നണി ഭരണസാരഥ്യമേറിയത്. 43 അംഗങ്ങളുടെ പിന്‍ബലമാണ് എല്‍.ഡി.എഫിനുള്ളത്. വിക്രമന്‍െറ മരണത്തോടെ അത് 42 ആയി ചുരുങ്ങി. അപ്രതീക്ഷിതമായി ഉണ്ടായ ബി.ജെ.പിയുടെ നേട്ടം യു.ഡി.എഫിനും വലിയ തിരിച്ചടി സമ്മാനിച്ചു. 35 അംഗങ്ങളെ സ്വന്തമാക്കിയാണ് ബി.ജെ.പി കോര്‍പറേഷനില്‍ നിര്‍ണായക ശക്തിയായത്. യു.ഡി.എഫ് ആകട്ടെ 21 അംഗങ്ങളുമായി മൂന്നാം നിരയിലേക്ക് തഴയപ്പെട്ടു. ഒരു സ്വതന്ത്രയും തെരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥിതിവിവരക്കണക്കുകള്‍ വെച്ചുകൊണ്ടാവും വാഴോട്ടുകോണത്ത് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിനെ മുന്നണികള്‍ സമീപിക്കുക. 755 വോട്ടിനാണ് കഴിഞ്ഞ കോര്‍പറേഷന്‍ കൗണ്‍സിലിലെ ബി.ജെ.പി കൗണ്‍സിലര്‍ എം.ആര്‍. രാജീവിനെ വിക്രമന്‍ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റാണ് വിക്രമന്‍ പിടിച്ചെടുത്തത്. അതിനാല്‍ ഉപതെരഞ്ഞെടുപ്പ് സി.പി.എമ്മും ബി.ജെ.പിയും തമ്മിലെ മത്സരമാകുമെന്ന അഭിപ്രായങ്ങള്‍ ഇതിനകം ഉയര്‍ന്നുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.