സിറ്റി പൊലീസ് കമീഷണറായി സ്പര്‍ജന്‍ കുമാര്‍ ചുമതലയേറ്റു

തിരുവനന്തപുരം: സിറ്റി പൊലീസ് കമീഷണറായി ജി.സ്പര്‍ജന്‍ കുമാര്‍ ചുമതലയേറ്റു. കമീഷണറായിരുന്ന എച്ച്. വെങ്കിടേഷിന് ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച് ബിവറേജസ് കോര്‍പറേഷന്‍ എം.ഡിയായതിനെ തുടര്‍ന്നാണ് സ്പര്‍ജന്‍ കുമാര്‍ കമീഷണറായത്. പൊലീസ് ആസ്ഥാനത്ത് സ്പെഷല്‍ ബ്രാഞ്ച് എസ്.പി ആയിരുന്ന സ്പര്‍ജന്‍ കുമാറിന് ഡി.ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ചാണ് പുതിയ ചുമതലയില്‍ എത്തിയത്. മുന്‍ കമീഷണര്‍ എച്ച്. വെങ്കിടേഷ് തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് ചുമതലയേറ്റശേഷം സ്പര്‍ജന്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദ്യാലയങ്ങളിലെ ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ സ്പര്‍ജന്‍ കുമാര്‍ 2008 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. പാലക്കാട് എ.എസ്.പിയായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പാലക്കാട്, വയനാട് ജില്ലകളില്‍ എസ്.പി, കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍, കെ.എ.പി, എം.എസ്.പി ബറ്റാലിയനുകളിലെ കമാന്‍ഡന്‍റ് എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചുമതലയേല്‍ക്കല്‍ ചടങ്ങില്‍ ഡി.സി.പി സജ്ഞയ്കുമാര്‍ ഗുരുഡിന്‍, ഡി.സി.പി(അഡ്മിനിസ്ട്രേഷന്‍) കെ.എസ്. വിമല്‍, അസിസ്റ്റന്‍റ് കമീഷണര്‍ (സ്പെഷ്യല്‍ ബ്രാഞ്ച്) റെജി ജേക്കബ്, ശംഖുംമുഖം എ.സി ജവഹര്‍ ജനാര്‍ദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.