ഗേറ്റ് നിര്‍മിച്ചതിലും ഫെസിലിറ്റേഷന്‍ സെന്‍ററില്‍ എ.സി വെച്ചതിലും ലക്ഷങ്ങളുടെ ക്രമക്കേട്

തിരുവനന്തപുരം: കോര്‍പറേഷന്‍ ആസ്ഥാന മന്ദിരത്തില്‍ നടത്തിയ അറ്റകുറ്റപ്പണിയില്‍ വ്യാപക ക്രമക്കേടുകള്‍. ഗേറ്റ് നിര്‍മാണത്തില്‍ 23,180 രൂപയും ഫെസിലിറ്റേഷന്‍ സെന്‍ററില്‍ എ.സി സ്ഥാപിച്ചതില്‍ 2,75,772 രൂപയുമാണ് പാഴായത്. മെയിന്‍ ഓഫിസിന് മുമ്പിലുള്ള ഗേറ്റും പടിഞ്ഞാറ് ഭാഗത്തുള്ള ഗേറ്റുമാണ് പുതുക്കിപ്പണിതത്. ഇതിനായി ഒറിജിനല്‍ എസ്റ്റിമേറ്റ് പ്രകാരമുള്ള ഏക ടെന്‍ഡര്‍ 20 ശതമാനം അധികരിച്ച് കോണ്‍ട്രാക്ടര്‍ക്ക് കരാര്‍ നല്‍കി. എന്നാല്‍, പണി ഭാഗികമായി മാത്രമാണ് പൂര്‍ത്തിയായത്. ഒറിജിനല്‍ എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് 8,55,117 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കി കോണ്‍ട്രാക്ടര്‍ക്ക് 20 ശതമാനം ടെന്‍ഡര്‍ എക്സസ് ഉള്‍പ്പെടെ 9,41,263 രൂപ അനുവദിച്ചു. കോര്‍പറേഷന്‍െറ 2013- 14 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഈ വസ്തുതകള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. യഥാര്‍ഥ എസ്റ്റിമേറ്റ് പ്രകാരം മെയിന്‍ ഗേറ്റിന്‍െറയും അനുബന്ധമായ ചെറിയ ഗേറ്റിന്‍െറയും മതിപ്പുവില 93,500 രൂപയാണ്. എന്നാല്‍, അനന്തു എന്‍ജിനീയറിങ് വര്‍ക്സ് എന്ന സ്ഥാപനത്തില്‍നിന്ന് നിലവിലെ മാര്‍ക്കറ്റ് റേറ്റ് അനുസരിച്ച് മെയിന്‍ ഗേറ്റും ചെറിയഗേറ്റും നിര്‍മിച്ച് ഘടിപ്പിക്കുകയാണുണ്ടായത്. മാര്‍ക്കറ്റ് റേറ്റായ ഈ തുക റിവൈസ്ഡ് എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തി കോണ്‍ട്രാക്ടര്‍ക്ക് 20 ശതമാനം ടെന്‍ഡര്‍ എക്സസ് ഉള്‍പ്പെടെ തുക അനുവദിച്ച് നല്‍കിയിട്ടുണ്ട്. നിയമപ്രകാരം ഒരു പൊതുമരാമത്ത് പ്രവൃത്തിക്ക് മാര്‍ക്കറ്റ് റേറ്റ് അനുവദിക്കുമ്പോള്‍ ടെന്‍ഡര്‍ എക്സസ് നല്‍കാന്‍ പാടില്ല. ഈ ഇനത്തില്‍ കോണ്‍ട്രാക്ടര്‍ക്ക് അധികമായി 23,180 രൂപയാണ് അനുവദിച്ചത്. നഷ്ടം ഉത്തരവാദിയായ എന്‍ജിനീയറില്‍നിന്ന് ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരസഭയുടെ മെയിന്‍ ഓഫിസ് കോമ്പൗണ്ടില്‍ പണിത ഫെസിലിറ്റേഷന്‍ സെന്‍ററില്‍ നാല് എ.സി സ്ഥാപിക്കുന്നതിന് കെ.എസ്.ഐ.ഇയുമായി കരാറിലേര്‍പ്പെട്ടിരുന്നു. 2013 ഡിസംബറില്‍ ഇതു സ്ഥാപിച്ചതായി അസി. എക്സി എന്‍ജിനീയര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് നിയമാനുസൃത നികുതികള്‍ കഴിച്ച് 2,75,772 രൂപ അനുവദിച്ചു. ജനബാഹുല്യം കാരണം ഫെസിലിറ്റേഷന്‍ സെന്‍ററില്‍ സ്ഥാപിച്ച എ.സി തകരാറാകാനുള്ള സാധ്യത കൂടുതലായതിനാല്‍ 2,33,500 രൂപയുടെ എയര്‍കര്‍ട്ടനുകള്‍ സ്ഥാപിക്കാന്‍ കെ.എസ്.ഐ.ഇക്ക് സപൈ്ള ഓര്‍ഡല്‍ നല്‍കി. ഓഡിറ്റ് ടീം നടത്തിയ പരിശോധനയില്‍ ഫെസിലിറ്റേഷന്‍ സെന്‍ററില്‍ സ്ഥാപിച്ച നാല് എ.സികളും എയര്‍കര്‍ട്ടനുകളും പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടത്തെി. ഇവ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വയറിങ് സംവിധാനം സജ്ജീകരിച്ചതായും കണ്ടില്ല. ഇതു സംബന്ധിച്ച് നല്‍കിയ ഓഡിറ്റ് അന്വേഷണത്തിന് നല്‍കിയ മറുപടിയില്‍ എ.സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.