എസ്.എഫ്.ഐ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തം

തിരുവനന്തപുരം: ലോ അക്കാദമി കാമ്പസില്‍ കെ.എസ്.യു-എസ്.എഫ്.ഐ സംഘര്‍ഷത്തിന്‍െറ മറവില്‍ പൊലീസ് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചെന്നാരോപിച്ച് എസ്.എഫ്.ഐ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ പൊലീസ് മൂന്നുവട്ടം ജലപീരങ്കി പ്രയോഗിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് യൂനിവേഴ്സിറ്റി കോളജില്‍നിന്ന് 100ഓളം വിദ്യാര്‍ഥികള്‍ പ്രകടനവുമായി സെക്രട്ടേറിയറ്റിന് മുന്നിലത്തെിയത്. ഇതോടെ എം.ജി റോഡിലെ ഗതാഗതം സ്തംഭിച്ചു. പാവപ്പെട്ട വിദ്യാര്‍ഥികളുടെമേല്‍ കുതിരകയറാമെന്ന മോഹമുണ്ടെങ്കില്‍ പൊലീസും മന്ത്രി രമേശ് ചെന്നിത്തലയും അത് ഉപേക്ഷിക്കണമെന്നും മറ്റൊരു ജെ.എന്‍.യു കേരളത്തില്‍ വളര്‍ത്താന്‍ ഉമ്മന്‍ ചാണ്ടിയെ അനുവദിക്കില്ളെന്നും പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി പ്രജിന്‍സാജ് കൃഷ്ണ പറഞ്ഞു. ലോ കോളജില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ അന്വേഷണ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും ഡി.സി.പി ശിവവിക്രം ഉറപ്പുകൊടുത്തതിന്‍െറ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയത്. സംസ്ഥാന കമ്മിറ്റിയംഗം ബി. നിയാസ്, ജില്ലാ നേതാക്കളായ കൃഷ്ണജിത്ത്, ഉണ്ണി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.