തിരുനെല്‍വേലി ബസപകടം : പരിക്കേറ്റവരുടെ ചികിത്സാചെലവ് അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: തിരുനെല്‍വേലി വള്ളിയൂരില്‍ ബസപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം എസ്.യു.ടിയില്‍ ചികിത്സയിലുണ്ടായിരുന്ന സാജന്‍ വര്‍ഗീസ്, രാജു അവറാച്ചന്‍, ജിനു രാജന്‍, ആന്‍ എല്‍വിന്‍ എന്നിവരുടെ ചികിത്സക്ക് 19, 29,163 രൂപ ചെലവായിരുന്നു. ഇത് ജില്ലാ ഭരണകൂടം ഇടപെട്ട് 17,55,315 രൂപയായി കുറച്ചിരുന്നു. ഇതില്‍ ആന്‍ എല്‍വിന്‍ ഒഴികെയുള്ളവരെ വിദഗ്ധ ചികിത്സക്ക് ജനുവരി 18ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആന്‍ എല്‍വിന്‍ ജനുവരി 28ന് മരിച്ചു. ആന്‍ എല്‍വിന്‍െറ 18 മുതല്‍ 28 വരെയുള്ള ചികിത്സാ ചെലവുള്‍പ്പെടെ 19, 99,463 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നേരത്തേ അനുവദിച്ചിരുന്നു. പരിക്കേറ്റ മലയാളികളുടെ പൂര്‍ണ ചികിത്സാചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാറാണെന്ന് ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. അപകടമുണ്ടായപ്പോള്‍ മുതല്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടം ആവശ്യമായ സഹായങ്ങളുമായി രംഗത്തുണ്ടായിരുന്നു. വിദഗ്ധ ചികിത്സക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ഇവരുടെ തുടര്‍ന്നുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും. തിരുനെല്‍വേലി മാനുവല്‍ ആശുപത്രിയില്‍ ചികിത്സാചെലവായ 28, 237 രൂപയുടെ ബില്‍ സര്‍ക്കാര്‍ അടയ്ക്കുമെന്ന് രേഖാമൂലം അഡീ. ജില്ലാ മജിസ്ട്രേറ്റ് വി.ആര്‍. വിനോദ് എഴുതി നല്‍കിയാണ് ഇവരെ നാട്ടിലേക്ക് എത്തിച്ചത്. പരിക്കേറ്റവര്‍ക്ക് അപകടദിവസംതന്നെ അടിയന്തര സഹായമായി 5000 രൂപയും അനുവദിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.