ഒ.എന്‍.വിക്ക് സ്മരണാഞ്ജലിയായി സമ്മേളന നഗരി

തിരുവനന്തപുരം: നവകേരള മാര്‍ച്ചിന്‍െറ സമാപന ചടങ്ങ് കവി ഒ.എന്‍.വിക്ക് സ്മരണാഞ്ജലിയായി. സമ്മേളന നഗരിക്ക് ‘ഒ.എന്‍.വി നഗര്‍’ എന്നായിരുന്നു പേര്. സ്റ്റേജിന്‍െറ മുന്നില്‍ തന്നെ ഒ.എന്‍.വിയുടെ വലിയ ചിത്രം ഉള്‍പ്പെടുത്തി ബോര്‍ഡും സ്ഥാപിച്ചിരുന്നു. കവിക്ക് അനുശോചനമര്‍പ്പിച്ച് എം. വിജയകുമാര്‍ പ്രമേയമവതരിപ്പിച്ചു. ചുവന്ന കാലത്തിന്‍െറ ഹൃദയമിടിപ്പ് കവിതകളില്‍ പുനരവതരിപ്പിച്ച വിപ്ളവകവിയായിരുന്നു ഒ.എന്‍.വിയെന്ന് അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി. ഒ.എന്‍.വിക്ക് കാവ്യാര്‍ച്ചനയായി ‘ചക്കരപ്പന്തലില്‍ തേന്‍മഴ..’ എന്ന ഗാനം നാലുവയസ്സുകാരി പ്രാര്‍ഥന സമ്മേളന നഗരിയില്‍ അവതരിപ്പിച്ചതും ശ്രദ്ധേയമായി. ഒ.എന്‍.വിയുടെ നിര്യാണത്തില്‍ സിദ്ധനര്‍ സര്‍വിസ് സൊസൈറ്റി കേന്ദ്ര എക്സിക്യൂട്ടിവ് യോഗം അനുശോചിച്ചു. കൊല്ലത്ത് നടക്കുന്ന 68ാം സംസ്ഥാന വാര്‍ഷിക സമ്മേളനവും സിദ്ധനര്‍ മഹാസഭ ലയന സമ്മേളനവും ഒ.എന്‍.വിയുടെ സ്മരണ നിലനിര്‍ത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്‍റ് സി.എ. നാരായണന്‍െറ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി പാത്തല രാഘവന്‍ സമ്മേളന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.കെ. സോമന്‍ സ്വാഗതവും എം.ടി. രാജു നന്ദിയും പറഞ്ഞു. മലയാളികളുടെ ജീവിതത്തിന് സാംസ്കാരിക ഗാഥ രചിച്ച മഹാനായ സാഹിത്യകാരനാണ് ഒ.എന്‍.വിയെന്ന് മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അനുശോചനത്തില്‍ പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാട്ടമുഖങ്ങളില്‍നിന്ന് പകര്‍ന്നുകിട്ടിയ വിമോചന സ്വപ്നങ്ങളുടെ അഗ്നിനാളങ്ങളെ ആത്മാവിലാവാഹിച്ച് മനുഷ്യ വിമോചനത്തിന്‍െറ പാട്ടുകാരനായി മാറിയ ഒ.എന്‍.വി സ്വാതന്ത്ര്യാനന്തര കേരള സമൂഹത്തിലെ മതാതീതമായ പുരോഗമനാശയങ്ങളുടെ വളര്‍ച്ചയില്‍ നിസ്തുല സംഭാവന നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്നേഹത്തിന്‍െറയും വാത്സല്യത്തിന്‍െറയും മലയാളഭാഷയുടെ നിറവും സുകൃതവുമായിരുന്നു ഒ.എന്‍.വിയെന്ന് എസ്.കെ.എസ്.എസ്.എഫ് ബീമാപള്ളി യമാം യൂനിറ്റ് കമ്മിറ്റി അനുസ്മരിച്ചു. യോഗത്തില്‍ അബ്ദുല്‍ അസീസ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സ് മാഹീന്‍ സ്വാഗതം പറഞ്ഞു. മാഹീന്‍ അബൂബക്കര്‍ ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസര്‍ മുസ്ലിയാര്‍, താജുദ്ദീന്‍, ഖമര്‍ മുസ്ലിയാര്‍, തന്‍സ്വീര്‍ മുസ്ലിയാര്‍, കരീം എന്നിവര്‍ പങ്കെടുത്തു. നാലാഞ്ചിറ മാര്‍ തെയോഫിലസ് ട്രെയ്നിങ് കോളജ് യൂനിയന്‍െറ ആഭിമുഖ്യത്തില്‍ അന്തരിച്ച കവി ഒ.എന്‍.വി അനുസ്മരണം ‘ഒരു വട്ടം കൂടിയെന്‍’ എന്ന പേരില്‍ നടത്തി. കോളജ് യൂനിയന്‍ ചെയര്‍മാന്‍ രാകേഷ് ശര്‍മ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.കെ.വൈ. ബനഡിക്ട് അനുസ്മരണ പ്രഭാഷണം നടത്തി. തുടര്‍ന്ന് ഒ.എന്‍.വിയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയുള ഒരു ലഘുവിഡിയോ പ്രദര്‍ശനവും നടന്നു. നഥാനിയേല്‍, രവീന്ദ്രരാജന്‍, എസ്. ശരണ്യ എന്നിവര്‍ സംസാരിച്ചു. ഒ.എന്‍.വിയുടെ നിര്യാണത്തില്‍ പ്രഭാത് ബുക് ഹൗസ് അനുശോചിച്ചു. ജനറല്‍ മാനേജര്‍ എസ്. ഹനീഫാ റാവുത്തര്‍, ഷൈജു അലക്സ്, എസ്. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.