കിളിമാനൂരില്‍ വയല്‍നികത്തല്‍ വ്യാപകം

കിളിമാനൂര്‍: മേഖലയില്‍ വേനലിന്‍െറ മറവില്‍ നെല്‍പ്പാടങ്ങളും തരിശുനിലങ്ങളും നികത്തുന്നത് വ്യാപകമാകുന്നു. പലയിടത്തും പടശേഖരങ്ങളോട് ചേര്‍ന്നുള്ള നീര്‍ച്ചാലുകളും നികത്തി. ഇതുസംബന്ധിച്ചു പരാതി നല്‍കിയാല്‍ പഞ്ചായത്ത് അധികൃതരോ കൃഷിവകുപ്പ് ജീവനക്കാരോ തിരിഞ്ഞു നോക്കാറില്ലത്രെ. മിക്കയിടത്തും പഞ്ചായത്തംഗങ്ങളുടെയും ഉദ്യോഗസ്ഥരുടേയും മൗനാനുമതിയുണ്ടെന്നും ആക്ഷേപമുണ്ട്. ബ്ളോക് പഞ്ചായത്തിന് കീഴില്‍ കിളിമാനൂര്‍, പഴയകുന്നുമ്മേല്‍, നഗരൂര്‍ പഞ്ചായത്തുകളിലാണ് വയല്‍ നികത്തല്‍ വ്യാപകമായത്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളാണ് ഇവ. പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ പുതിയകാവ് ഏലായില്‍ ഞായറാഴ്ചയും നിലംനികത്തല്‍ നടന്നു. പുതിയകാവിലെ സ്വകാര്യ ആശുപത്രിക്ക് മുന്നിലെ വയല്‍ ഉച്ചയോടെ നികത്താന്‍ നടത്തിയ ശ്രമം എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞെങ്കിലും പഞ്ചായത്തിന്‍െറ അനുമതിയോടെയാണ് നികത്തുന്നതെന്ന് പറഞ്ഞ് പ്രതിഷേധക്കാരെ തിരിച്ചയച്ചു. പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെതന്നെ പാപ്പാല കുറവന്‍കുഴി വഴി ഒഴുകുന്ന തണ്ണീര്‍ത്തടം നികത്തിയത് നാട്ടുകാര്‍ പരാതിപ്പെട്ടെങ്കിലും അധികൃതര്‍ നടപടി എടുത്തില്ല. തട്ടത്തുമല മണലയത്തുപച്ച പാപ്പാല തോട് അഞ്ചുദിവസംമുമ്പാണ് നികത്തിയത്. ഇതിനെതിരെ പഞ്ചായത്ത് അംഗം കെ.എസ്. ഷിബു വില്ളേജ് ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.