ഉത്സവകാലം തുടങ്ങിയതോടെ കള്ളനോട്ട് സംഘം വിലസുന്നു

വെഞ്ഞാറമൂട്: ഉത്സവകാലം തുടങ്ങിയതോടെ കള്ളനോട്ട് സംഘം വ്യാപകമാകുന്നു. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവാത്ത തരത്തിലുള്ള ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകളാണ് പ്രചരിക്കുന്നത്. ഉത്സവം, മേളകള്‍, ചന്ത തുടങ്ങി ആളുകള്‍ കൂടുന്ന ഇടങ്ങളില്‍ സാധനം വാങ്ങിയശേഷം നോട്ട് നല്‍കുന്നു. സംഘമായും ഒറ്റക്കുമാണ് ഇവര്‍ നോട്ട് മാറാന്‍ എത്തുന്നത്. പിടിക്കപ്പെടുമെന്നായാല്‍ ആള്‍ക്കൂട്ടത്തില്‍ മറയുകയാണ് പതിവ്. പ്രാദേശിക തലത്തില്‍ അച്ചടിച്ചതും സെക്യൂരിറ്റി ത്രെഡ് പ്രിന്‍റ് ചെയ്തു ചേര്‍ത്തതും നോട്ടിന്‍െറ വെള്ളയില്‍ ഗാന്ധിജിയുടെ വാട്ടര്‍ മാര്‍ക്ക് ഇല്ലാത്തതുമായ നോട്ടുകളാണ് വ്യാപകമായത്. നോട്ടില്‍ നമ്പര്‍, റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഒപ്പ് തുടങ്ങി എളുപ്പം പ്രിന്‍റ് ചെയ്ത് ചേര്‍ക്കാന്‍ കഴിയുന്നതെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഷം മുമ്പ് വെഞ്ഞാറമൂട് പൊലീസ് കള്ളനോട്ട് സംഘത്തെ മിനി പ്രിന്‍റ് യൂനിറ്റടക്കം പിടികൂടിയെങ്കിലും തുടരന്വേഷണം നടന്നില്ല. സംസ്ഥാന തലത്തില്‍തന്നെ കള്ളനോട്ട് പിടിത്തം നടക്കാത്തതും ഇതിന് സ്ക്വാഡ് ഇല്ലാതായതുമാണ് നോട്ട് സംഘം വീണ്ടും തലപൊക്കാന്‍ കാരണം. ആറുമാസത്തിനുള്ളില്‍ പാലോട് കേന്ദ്രീകരിച്ചും സമീപകാലത്ത് ജില്ലയുടെ ഇതര ഭാഗങ്ങളിലും കള്ളനോട്ട് സംഘം സജീവമായതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.