ആ തല്ല് ആദരവായിരുന്നു...

തിരുവനന്തപുരം: വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍ കോളജ് കാമ്പസില്‍ ആക്രമങ്ങള്‍ തുടങ്ങിയ കാലത്തല്ല ഒ.എന്‍.വി യൂനിവേഴ്സിറ്റി കോളജില്‍ പഠിച്ചിരുന്നത്. എന്നിട്ടും കിട്ടി അദ്ദേഹത്തിനൊരു ചവിട്ടും പിടലിക്കൊരു പ്രഹരവും മുന്നോട്ടൊരുന്തും. തല്ലിയവന്‍െറ മുഖം കവി ശരിക്കും കണ്ടു. പേട്ടയിലുള്ള ഫുട്ബാള്‍ കളിക്കാരന്‍. കാലില്‍ ഇട്ടിരുന്നത് ബൂട്ടും. പെട്ടെന്ന് വാര്‍ത്ത പരന്നു, ‘ഒ.എന്‍.വിക്ക് തല്ല് കിട്ടി’യെന്ന്. പ്രിന്‍സിപ്പല്‍ ഇറങ്ങിവന്ന് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പുറത്തുപോവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വിദ്യാര്‍ഥി ഫെഡറേഷന് വേണ്ടി നടത്തിയ പ്രവര്‍ത്തനമാണ് ചിലരെ ചൊടിപ്പിച്ചത്. വിദ്യാര്‍ഥിനേതാക്കളില്‍ പലരും ഇംഗ്ളീഷില്‍ പ്രസംഗിക്കുന്ന രീതി അന്നുണ്ടായിരുന്നു. അതറിഞ്ഞ് എ.എ ചരിത്രത്തിലെ രാമദാസ് ഇംഗ്ളീഷില്‍ നന്നായി പ്രസംഗിക്കും. ഇതോടെ ഫെഡറേഷന്‍െറ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി രാമദാസിനെ ഒ.എന്‍.വി നിര്‍ദേശിക്കുകയും ചെയ്തു. വിദ്യാര്‍ഥികള്‍ കൂടുന്നിടത്തെല്ലാം രാമദാസിനെ പരിചയപ്പെടുത്തുന്നതും ഒ.എന്‍.വിയായിരുന്നു. അന്നുവരെ ഫെഡറേഷന്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെടുകയായിരുന്നു പതിവ്. എന്നാല്‍, ആ വര്‍ഷം രാമദാസ് വിജയിച്ചു. ആഹ്ളാദ പ്രകടനം കഴിഞ്ഞ് വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോയതിനുശേഷമായിരുന്നു ആ തല്ല്. ഫുട്ബാള്‍ കളിക്കാരനില്‍നിന്നുള്ള ചവിട്ട്. യൂനിവേഴ്സിറ്റി കോളജ് യൂനിയന്‍െറ ചെയര്‍മാന്‍ സ്ഥാനത്ത് ആദ്യമായി വിദ്യാര്‍ഥി ഫെഡറേഷന്‍ സ്ഥാനാര്‍ഥിയെ വിജയിപ്പിച്ചതിന് തനിക്ക് കിട്ടിയ ആദരവായാണ് ആ തല്ലിനെ ഒ.എന്‍.വി ഓര്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.