മാര്‍ച്ചോടെ രണ്ടുലക്ഷം പേര്‍ക്ക് പട്ടയം –മന്ത്രി അടൂര്‍ പ്രകാശ്

നെയ്യാറ്റിന്‍കര: ഭൂമി കൈവശമുള്ള പാവപ്പെട്ടവര്‍ക്ക് നിയമാനുസൃതമായ അവകാശം ലഭ്യമാക്കുകയെന്നത് സര്‍ക്കാറിന്‍െറ ലക്ഷ്യമാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. മാര്‍ച്ച് പൂര്‍ത്തിയാകുമ്പോള്‍ രണ്ടുലക്ഷം പേര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാറിനാകുമെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിന്‍കര താലൂക്ക് ഓഫിസിന് പുതുതായി നിര്‍മിച്ച ബഹുനില റവന്യൂടവര്‍ മന്ദിരത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്റ്റില്‍ ആരംഭിച്ച ഓണ്‍ലൈന്‍ പോക്കുവരവിനുള്ള സംവിധാനം മാര്‍ച്ചിനുള്ളില്‍ 500 വില്ളേജുകളില്‍ നടപ്പാക്കും. ഓണ്‍ലൈന്‍ നികുതി അടയ്ക്കാനുള്ള സംവിധാനത്തിന്‍െറ പൈലറ്റ് പ്രോജക്ട് ഈമാസം കോട്ടയം ജില്ലയില്‍ ആരംഭിക്കും. ഇതിനുപുറമേ, അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് പുതിയ മന്ദിരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാതല പട്ടയവിതരണത്തിന്‍െറ ഉദ്ഘാടനം ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ശശി തരൂര്‍ എം.പി നിര്‍വഹിച്ചു. നെയ്യാറ്റിന്‍കര താലൂക്കിലും വിഴിഞ്ഞത്തുമായി രണ്ടായിരത്തോളം പട്ടയങ്ങളാണ് ആദ്യഘട്ടമായി വിതരണം ചെയ്തത്. കാലങ്ങളായി താമസിക്കുന്ന ഭൂമിയില്‍ ഭാവിയിലേക്കുള്ള അവകാശമാണ് പട്ടയവിതരണത്തിലൂടെ ലഭിക്കുന്നതെന്ന് ശശി തരൂര്‍ എം.പി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ ആര്‍. ശെല്‍വരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ.ടി. ജോര്‍ജ്, ജമീലാ പ്രകാശം, നഗരസഭാ ചെയര്‍പേഴ്സന്‍ ഡബ്ള്യു.ആര്‍. ഹീബ, നഗരസഭാപ്രതിപക്ഷ നേതാവ് ലളിത ടീച്ചര്‍, ഡെപ്യൂട്ടി കലക്ടര്‍ പത്മകുമാരിയമ്മ, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയകക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ സ്വാഗതവും തഹസില്‍ദാര്‍ സാം എല്‍. സോണ്‍ നന്ദിയും പറഞ്ഞു. പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ മുത്തുകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 3.15 കോടി രൂപ ചെലവഴിച്ചാണ് താലൂക്ക് ഓഫിസിന്‍െറ മൂന്നുനിലയുള്ള മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.