വ്യാജ പാസ്പോര്‍ട്ട് സംഘങ്ങള്‍ സജീവം : ഇ.സി.എന്‍.ആര്‍ പതിപ്പിക്കാന്‍ 50,000 മുതല്‍ ലക്ഷം വരെ

തിരുവനന്തപുരം: തലസ്ഥാനത്ത് വ്യാജ പാസ്പോര്‍ട്ട് സംഘങ്ങള്‍ വീണ്ടും സജീവം. പാസ്പോര്‍ട്ടില്‍ ഇ.സി.എന്‍.ആര്‍ മുദ്ര പതിപ്പിക്കാന്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ ഈടാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്കും മൂന്ന് വര്‍ഷത്തില്‍ കുറഞ്ഞ കാലഘട്ടത്തില്‍ വിദേശത്ത് ജോലി ചെയ്തവര്‍ക്കും വീണ്ടും വിദേശത്തേക്ക് പോകാന്‍ ഇ.സി.എന്‍.ആര്‍ കര്‍ശനമാക്കിയതോടെയാണ് വ്യാജ പാസ്പോര്‍ട്ടില്‍ യാത്രക്കാരെ ചവിട്ടിക്കയറ്റുന്ന സംഘങ്ങള്‍ സജീവമായത്. പാസ്പോര്‍ട്ടില്‍ ഇ.സി.എന്‍.ആര്‍ മുദ്ര പതിപ്പിക്കുന്നതിനായി വ്യാജരേഖകള്‍ ഉണ്ടാക്കി ഓഫിസില്‍ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം വ്യാജരേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണമില്ലാതെ മുദ്ര പതിപ്പിച്ച് നല്‍കുന്ന ഉദ്യോഗസ്ഥരും സംഘങ്ങള്‍ക്ക് സഹായമാവുന്നു. ദിവസവും പത്തോളം പാസ്പോര്‍ട്ടുകളാണ് ഇല്ലാത്ത രേഖകളുടെ പേരില്‍ ഇ.സി.എന്‍.ആര്‍ മുദ്ര പതിച്ച് പുറത്തേക്ക് എത്തുന്നത്. ലക്ഷങ്ങള്‍ മുടക്കി വിദേശത്തേക്ക് പോകാന്‍ വിസ കിട്ടിയിട്ടും കഴിയാത്ത സാധാരണക്കാരാണ് ഇത്തരം സംഘങ്ങളുടെ കണ്ണിയിലെ പ്രധാന ഇരകള്‍. ഇതിനുപുറമെ ഇ.സി.എന്‍.ആര്‍ പതിപ്പിക്കാതെയും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ചവിട്ടിക്കയറ്റ് നടക്കുന്നുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധനകള്‍ കര്‍ശനമായതിനാല്‍ നെടുമ്പാശ്ശേരി, ചെന്നൈ വിമാനത്താവളങ്ങളെയാണ് സംഘങ്ങള്‍ ആശ്രയിക്കുന്നത്. ഇതിനുപുറമെ വ്യാജരേഖകള്‍ ഹാജരാക്കി വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്തേക്ക് കടക്കുന്നവരും നിരവധിയാണ്. ഇത്തരം രേഖകള്‍ പാസ്പോര്‍ട്ട് കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കുന്നവര്‍ വെരിഫിക്കേഷനായി എത്തുന്ന പൊലീസുകാരന്‍ മുതല്‍ പാസ്പോര്‍ട്ട് എത്തിക്കുന്ന പോസ്റ്റ്മാനെ വരെ സ്വാധീനിച്ചാണ് സംഘടിപ്പിച്ചെടുക്കുന്നത്. ഇങ്ങനെ പാസ്പോര്‍ട്ട് സംഘടിപ്പിച്ച് വിദേശത്ത് പോയി മടങ്ങിയത്തെുന്നവര്‍ വിമാനത്താവളങ്ങളില്‍ പിടിയിലാകാറുണ്ട്. ഇവരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കുന്നതോടെ ജാമ്യത്തിലിറങ്ങുന്നതാണ് പതിവ്. എന്നാല്‍ തുടരന്വേഷണം പലപ്പോഴും എങ്ങുമത്തൊത്തതാണ് വീണ്ടും വ്യാജ പാസ്പോര്‍ട്ട് സംഘങ്ങള്‍ സജീവമാകാന്‍ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.