വര്‍ക്കല തുരങ്കങ്ങളുടെ നവീകരണം ഇനിയുമകലെ; പ്രഖ്യാപനങ്ങള്‍ ധാരാളം

വര്‍ക്കല: അദ്ഭുതവും വിസ്മയവും ജനിപ്പിക്കുന്ന വര്‍ക്കല തുരങ്കങ്ങള്‍ അവഗണനയില്‍. തുരങ്കങ്ങള്‍ നവീകരിച്ച് ആഭ്യന്തര-വിദേശ സഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം വികസനവും ഉള്‍നാടന്‍ ജലഗതാഗതത്തിലൂടെ പുതിയൊരു വികസന കുതിപ്പും ലക്ഷ്യമിട്ട പദ്ധതി എങ്ങുമത്തെിയില്ല. ടി.എസ് കനാല്‍ ജലപാതയുടെ നവീകരണം റാത്തിക്കല്‍ അരിവാളം ഭാഗത്തും കരുനിലക്കോട് അയിരൂര്‍ ഭാഗത്തുമൊക്കെ നടന്നുകഴിഞ്ഞു. നടയറ പ്രദേശത്ത് ഇപ്പോള്‍ കായലില്‍നിന്ന് ചളിയും മാലിന്യവും നീക്കം ചെയ്യുന്ന ജോലികള്‍ നടന്നുവരുകയാണ്. എന്നാല്‍, താഴെവെട്ടൂര്‍ മുതല്‍ കൊച്ചുതുരപ്പ് വരെയും തൊടുവേ മുതല്‍ വലിയ തുരങ്കം വരെയും കനാല്‍ കാടുകയറിയും മാലിന്യം നിറഞ്ഞും കിടക്കുകയാണ്. കഴിഞ്ഞ എല്‍.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റയുടന്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ വര്‍ക്കലയിലത്തെി കനാലും വലുതും ചെറുതും തുരങ്കങ്ങളും സന്ദര്‍ശിച്ചിരുന്നു. അന്ന് വി.എസ് വള്ളത്തില്‍ കയറി വലിയ തുരങ്കത്തില്‍ കുറേ ദൂരം സഞ്ചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തുടര്‍നടപടിയൊന്നും ഉണ്ടായില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ ടി.എസ് കനാല്‍ നവീകരിക്കുന്നുണ്ടെങ്കിലും തുരങ്കത്തിന്‍െറ നവീകരണം കടലാസിലും പ്രഖ്യാപനത്തിലും മാത്രമേയുള്ളൂ. വര്‍ഷാവര്‍ഷം ശിവഗിരി തീര്‍ഥാടനം സമ്മേളനത്തിനത്തെുന്ന മുഖ്യമന്ത്രി തുരങ്കങ്ങള്‍ ഉടന്‍ നവീകരിക്കുമെന്ന് മുറപോലെ പ്രഖ്യാപനം നടത്തിമടങ്ങുകയാണ് പതിവ്. ഏറ്റവും ഒടുവില്‍ വര്‍ക്കല കഹാര്‍ എം.എല്‍.എയുടെ ശ്രമഫലമായി തുരങ്കങ്ങളുടെ നവീകരണപദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. രണ്ടുഘട്ടമായി തുരങ്കങ്ങള്‍ നവീകരിക്കുന്ന പദ്ധതി വിശദമായ പഠനങ്ങള്‍ക്കുശേഷം സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. 2013 സെപ്റ്റംബറില്‍ പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. നവീകരണ പദ്ധതിക്ക് 27.5 കോടി രൂപയും അനുവദിച്ചുകൊണ്ട് ഉത്തരവുമിറങ്ങി. താഴെവെട്ടൂര്‍ മുതല്‍ രാമന്തള്ളി വരെയുള്ള കനാലും ചെറിയ തുരപ്പും നവീകരിക്കുന്നതിന് 19.5 കോടിയും രാമന്തള്ളി മുതല്‍ ശിവഗിരി വരെയുള്ള കനാലും വലിയ തുരപ്പും നവീകരിക്കുന്നതിന് എട്ടുകോടിയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍, തുരങ്കങ്ങളുടെ നവീകരണ ജോലികളൊന്നും എങ്ങുമത്തെിയില്ല. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലാവധി അവസാനിക്കാന്‍ കഷ്ടിച്ച് മൂന്നുമാസം മാത്രം ശേഷിക്കെ, തുരങ്കങ്ങള്‍ ഈ സര്‍ക്കാറിന്‍െറ കാലത്ത് നവീകരിക്കാനുള്ള സാധ്യത വിരളമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.