ദയവായി പ്ളാസ്റ്റിക് കൊണ്ടുവരരുത്.... ഭക്തരോട് നഗരപിതാവിന്‍െറ അഭ്യര്‍ഥന

തിരുവനന്തപുരം: ആറ്റുകാലില്‍ പൊങ്കാലയിടാന്‍ വരുന്ന ഭക്തരോട് നഗരപിതാവിന്‍െറ അഭ്യര്‍ഥന. ദയവായി പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൊണ്ടുവരരുത്. ആത്മീയതക്കൊപ്പം പരിസ്ഥിതിസംരക്ഷണവും നമുക്കുവേണം. മാലിന്യമുക്തമായ നഗരത്തിനായി ഭക്തര്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അറിയിച്ചു. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സന്നദ്ധസംഘടനകള്‍ പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുത്. സ്റ്റീല്‍ പാത്രമോ ഗ്ളാസോ കൊണ്ടുവരുന്നവര്‍ക്കേ ഭക്ഷണം നല്‍കാവൂ. നഗരപരിധിയില്‍ പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് കര്‍ശനനിരോധനം ഏര്‍പ്പെടുത്തും. ഉത്സവത്തിന് മുന്നോടിയായി വ്യാപാരികളുടെ യോഗം ചേരും. സന്നദ്ധസംഘടനകളുടെ സഹായത്തോടെ 25,000 പാത്രങ്ങളും ഗ്ളാസുകളും ശേഖരിക്കും. സ്റ്റീല്‍ ഗ്ളാസും പാത്രവും കൊണ്ടുവരാന്‍ സാധിക്കാത്തവര്‍ക്ക് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഇവ വിതരണം ചെയ്യും. ഇതിനായി, തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറക്കും. ശേഖരിക്കുന്ന പാത്രങ്ങള്‍ ഉത്സവശേഷവും നഗരസഭയില്‍ സൂക്ഷിക്കും. ഭാവിയില്‍, പൊതുപരിപാടികളില്‍ പ്ളാസ്റ്റിക് ഒഴിവാക്കാനായി ഇവ ഉപയോഗിക്കുമെന്നും മേയര്‍ പറഞ്ഞു. ശബ്ദമലിനീകരണം ഉണ്ടാക്കുന്ന തരത്തില്‍ മൈക്ക്സെറ്റ് പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കലക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സൗണ്ട്സ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കും. ഇതിനായി പ്രത്യേക രജിസ്ട്രേഷന്‍ കൗണ്ടറുകള്‍ ആരംഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു. അന്നദാനം നടത്തുന്ന സന്നദ്ധസംഘടനകള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും വീഴ്ചവരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാകമീഷണര്‍ ടി.വി. അനുപമ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍, ശുചിത്വമിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ. വാസുകി തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.