തൃക്കടവൂരിലെ ചിട്ടിഫണ്ട് സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ്

അഞ്ചാലുംമൂട്: ചിട്ടി ഫണ്ടിന്‍െറ മറവില്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ തൃക്കടവൂരിലെ സ്ഥാപനത്തില്‍ പൊലീസ് റെയ്ഡ് നടത്തി. കടവൂരിലെ പെട്രോള്‍ പമ്പിന് സമീപത്തെ ത്രിവേണി എന്ന പേരിലുള്ള ചിട്ടിഫണ്ട് സ്ഥാപനത്തിലാണ് അഞ്ചാലുംമൂട് പൊലീസ് പരിശോധന നടത്തിയത്. ഇതുസംബന്ധിച്ച് പൊലീസ് പറയുന്നത്: തൃക്കടവൂര്‍ മുരുന്തല്‍ വെട്ടുവിള കടപ്പായില്‍ വീട്ടില്‍ സുരിബാബു(53), നെടുമങ്ങാട് മന്നൂര്‍കോണം ശാസ്താപുരം റോഡരികത്ത് വീട്ടില്‍ ബിനു (36),അതിയന്നൂര്‍ റസല്‍പുരം പൂക്കൈത പുന്നയ്ക്കാട്ടില്‍ സുനില്‍കുമാര്‍ (33),പെരുങ്കട, ആങ്കോട്ടു പേരല്‍പൊറ്റ റോഡ് വില്ലയില്‍ വില്‍സകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തൃക്കടവൂരിലും തിരുവനന്തപുരത്തും ചിട്ടിയിടപാട് സ്ഥാപനം നടത്തിവരുകയായിരുന്നു. ഏജന്‍റുമാരെ നിയമിച്ചാണ് പണം പിരിച്ചെടുത്തിരുന്നത്. ചിട്ടി പണം നല്‍കുന്നില്ളെന്ന ഇടപാടുകാരുടെ പരാതിയെ തുടര്‍ന്ന് 2014-15 കാലയളവില്‍ തിരുവനന്തപുരത്തെ 11 ശാഖകള്‍ പൊലീസ് പൂട്ടുകയും നടത്തിപ്പുകാരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സുരി ബാബുവിന്‍െറ നേതൃത്വത്തിലാണ് കടവൂരില്‍ ചിട്ടിഫണ്ട് സ്ഥാപനം നടത്തിവന്നത്. വടക്കേക്കര സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയെതുടര്‍ന്നാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തത്. ചിട്ടി ഇടപാടിന്‍െറ പേരില്‍ 50,000 രൂപ വാങ്ങിയിട്ട് പണം തിരികെ നല്‍കാത്തതിനെതുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ പരാതി നല്‍കുകയായിരുന്നു. ഒരു വര്‍ഷമായി അടഞ്ഞുകിടന്ന സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നൂറുകണക്കിന് മുദ്രപ്പത്രങ്ങളും വൗച്ചറുകളും തിരിച്ചറിയല്‍ രേഖകള്‍, പാസ്ബുക്കുകള്‍ എന്നിവ കണ്ടെടുക്കുകയും സ്ഥാപനം സീല്‍ ചെയ്യുകയും ചെയ്തു. തിരുവനന്തപുരത്തെ നിലവിലുള്ള കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതികളെല്ലാം ഒളിവിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും അഞ്ചാലുംമൂട് എസ്.ഐ എം.കെ. പ്രശാന്ത്കുമാര്‍ പറഞ്ഞു. എ.എസ്.ഐ അബ്ദുല്‍ റഹിം, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ലഗേഷ്കുമാര്‍, അനൂജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.