വള്ളക്കടവ്: സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക സിദ്ധ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നാശത്തിലേക്ക്. ശോച്യാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റി പുതിയത് നിര്‍മിക്കാനുള്ള തുക അനുവദിക്കുകയും ആരോഗ്യമന്ത്രി നിര്‍മാണോദ്ഘാടനം നടത്തുകയും ചെയ്തു. നിലവിലെ കെട്ടിടത്തില്‍ നിന്ന് ആശുപത്രി താല്‍ക്കാലികകെട്ടിടത്തിലേക്ക് മാറ്റിയെങ്കില്‍ മാത്രമേ ഈ സ്ഥലത്ത് പുതിയ കെടിടനിര്‍മാണം നടത്താനാകൂ. എന്നാല്‍, ഇതിനെതിരെ ചില ജീവനക്കാര്‍ രഹസ്യമായി രംഗത്തുവന്നിരിക്കുന്നതായാണ് ആരോപണം. വള്ളക്കടവ് ഈഞ്ചയ്ക്കല്‍ ജങ്ഷനിലുള്ള ആശുപത്രിയാണ് നഗരസഭയുടെയും ആരോഗ്യവകുപ്പിന്‍െറയും ജീവനക്കാരുടെയും അനാസ്ഥമൂലം പ്രതിസന്ധി നേരിടുന്നത്. ഇതിനുപുറമേ പുരുഷരോഗികളുടെ തിരുമ്മല്‍ ചികിത്സക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാരന്‍ കൃത്യമായി സേവനം നല്‍കാത്തതിനാല്‍ സിദ്ധരംഗത്ത് പരിചയമുള്ള മറ്റൊരാളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കേണ്ടി വന്നിരിക്കുകയാണ്. എന്നാല്‍, ഇയാളെ ഒരാഴ്ച മുമ്പ് കാരണമില്ലാതെ പറഞ്ഞുവിട്ടത്രേ. കൃത്യമായി ചികിത്സ ലഭിക്കാത്തതിനാല്‍ ആറ് രോഗികള്‍ ആശുപത്രി വിട്ടതോടെ പുരുഷന്മാരുടെ വാര്‍ഡ് പൂട്ടി. ആശുപത്രി വികസനത്തിന് സര്‍ക്കാര്‍ പദ്ധതിപ്രഖ്യാപനങ്ങള്‍ നടത്താറുണ്ടെങ്കിലും നഗരസഭയുടെ നിസ്സഹകരണം മൂലം ഫലം കാണാതെപോവുകയായിരുന്നു. അവസാനം നഗരസഭയും സര്‍ക്കാറും ഒന്നിച്ചെങ്കിലും ജീവനക്കാര്‍ തന്നെയാണ് ഇപ്പോള്‍ ആശുപത്രിക്ക് പാരപണിയുന്നത്. 1968ല്‍ വള്ളക്കടവ് പാലത്തിന് സമീപം സര്‍ക്കാര്‍ സിദ്ധ ഡിസ്പെന്‍സറിയായി തുടങ്ങിയ സ്ഥാപനം തുടക്കത്തില്‍ വാടകക്കെട്ടിടത്തിലായിരുന്നെങ്കിലും 2004ല്‍ നഗരസഭയുടെ സ്ഥലത്ത് സ്വന്തം കെട്ടിടം നിര്‍മിച്ചു. തുടര്‍ന്ന് ഡിസ്പെന്‍സറിയെ ആശുപത്രിയായി ഉയര്‍ത്തുകയായിരുന്നു. 20 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനങ്ങളും ഒരുക്കി. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആശുപത്രിയില്‍ ഒരു നവീകരണപ്രവര്‍ത്തനവും നടക്കാത്ത സ്ഥിതിയാണ്. കെട്ടിടങ്ങള്‍ വിള്ളല്‍ വീണ് ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലായി. രോഗികളുടെ കട്ടിലുകള്‍ പോലും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. ഇതിനാല്‍ രോഗികളെ നിലത്ത് പരമ്പ് വിരിച്ചാണ് കിടത്തിയിരുന്നത്. കെട്ടിടം ചോര്‍ന്നൊലിക്കുന്നതുകാരണം ബാത്ത്റൂം വൃത്തിയാക്കി അതിനുള്ളിലാണ് മരുന്നുകളും ഫയലുകളും സൂക്ഷിച്ചിരിക്കുന്നത്. ആശുപത്രിയുടെ പരിമിതി മൂലം കിടത്തിചികിത്സ ആവശ്യമുള്ള രോഗികളെ പലപ്പോഴും ഒ.പി.യില്‍ പരിശോധിച്ച് മടക്കിയയക്കുകയാണ് പതിവ്. ദിവസവും നൂറിലധികം രോഗികള്‍ ഒ.പിയില്‍ ചികിത്സ തേടി എത്താറുണ്ട്. കിടക്കകളുടെ എണ്ണം 50 ആയി ഉയര്‍ത്തി ആശുപത്രി വികസിപ്പിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനവും വെറുതെയായി. ആശുപത്രിയെ സിദ്ധമെഡിക്കല്‍ കോളജ് ആക്കുമെന്ന വാക്കും വെറുതെയായി. ആശുപത്രി താല്‍ക്കാലികമായി മറ്റൊരു പ്രദേശത്തേക്ക് മാറ്റിയശേഷം പുതിയ കെട്ടിടം നിര്‍മിച്ചാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാവൂ. സംസ്ഥാനത്ത് നിലവില്‍ എന്‍.ആര്‍.എച്ച്.എമ്മിന്‍െറ കീഴില്‍ 27 സിദ്ധ ഡിസ്പെന്‍സറികളും ഒരു സിദ്ധ ആശുപത്രിയുമാണുള്ളത്. മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ജീവനക്കാരാണ് നിലവില്‍ ആശുപത്രിയിലുള്ളത്. ഇവര്‍ക്ക് രോഗികളെ പരിശോധിക്കാന്‍ ആവശ്യമായ മുറികളോ മറ്റ് സംവിധാനങ്ങളോ സജ്ജീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.