കിളിമാനൂര്‍: നൂറുകണക്കിന് സാധാരണക്കാരായ രോഗികള്‍ക്ക് ആശ്രയമായ കേശവപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ എക്സ്റേ യൂനിറ്റ് വീണ്ടും നിശ്ചലമായി. രണ്ടു പതിറ്റാണ്ട് പഴക്കമുള്ളതാണ് ഇത്. കാലഹരണപ്പെട്ട യൂനിറ്റ് ഉപയോഗിക്കുന്നതിലൂടെ രോഗികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നു. എന്നിട്ടും ഇവ മാറ്റിസ്ഥാപിക്കുന്നതിന് ഒരു നടപടിയുമില്ല. വര്‍ഷത്തില്‍ വല്ലപ്പോഴും മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. യൂനിറ്റ് സ്ഥാപിച്ച കമ്പനി യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതാണ് തകരാറിന് കാരണമെന്ന് അധികൃതര്‍ പറയുന്നു. മാസങ്ങളോളം നിശ്ചലമായിരുന്ന യൂനിറ്റ് ‘മാധ്യമം’ വാര്‍ത്തയെതുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് പ്രവര്‍ത്തനസജ്ജമാക്കിയത്. കാലഹരണപ്പെട്ട ഉപകരണങ്ങള്‍ ഉപയോഗയോഗ്യമല്ളെന്ന് അറിയിച്ചെങ്കിലും തുടര്‍നടപടി ഒരുക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ബ്ളോക് പഞ്ചായത്തോ ആശുപത്രി അധികൃതരോ തയാറായില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് ഭരണസമിതിയിലുള്ളവര്‍തന്നെ നിരന്തരം തര്‍ക്കങ്ങളിലേര്‍പ്പെട്ടിരുന്നു. ഇതിനിടെ ഒരു അടിസ്ഥാന സൗകര്യവും ഒരുക്കാതെ ബ്ളോക്കിന് കീഴിലെ പള്ളിക്കല്‍ പി.എച്ച്.സിയെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായി ഉയര്‍ത്തി. നിലവില്‍ ഇപ്പോള്‍ രണ്ടിടത്തും അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേശവപുരത്തെ താലൂക്ക് ആശുപത്രി പദവിയിലേക്ക് ആരോഗ്യ മന്ത്രി ഉയര്‍ത്തി പ്രഖ്യാപനം നടത്തിയത്. എന്നാല്‍, കാഡര്‍ ആശുപത്രി പദവി നല്‍കുകയോ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുകയോ ചെയ്തിട്ടില്ല. എന്‍.ആര്‍.എച്ച്.എമ്മില്‍നിന്ന് രണ്ടുപേരടക്കം ഏഴ് ഡോക്ടര്‍മാരാണുള്ളത്. സര്‍ജന്‍, ഓര്‍ത്തോ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളില്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളോളം പഴക്കമുണ്ട്. നിലവിലുള്ളവരുടെ സേവനം എല്ലാദിവസവും ലഭിക്കുന്നില്ളെന്ന പരാതിയും വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.