കഴക്കൂട്ടം: അമിതവേഗത്തിലും അനധികൃതമായും തലങ്ങുംവിലങ്ങും പായുന്ന സമാന്തരസര്‍വിസ് വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടും കഴക്കൂട്ടം-ആറ്റിങ്ങല്‍ ആര്‍.ടി.ഒ മാര്‍ അനങ്ങാപ്പാറ നയത്തില്‍. ചിറയിന്‍കീഴ്-കഴക്കൂട്ടം, ആറ്റിങ്ങല്‍-കഴക്കൂട്ടം, കഴക്കൂട്ടം -പെരുമാതുറ, കഴക്കൂട്ടം-പോത്തന്‍കോട് തുടങ്ങിയ മേഖലകളെല്ലാം സമാന്തരസര്‍വിസുകാരുടെ വിഹാരകേന്ദ്രമാണ്. കഴിഞ്ഞദിവസം അമിതവേഗത്തില്‍ സഞ്ചരിച്ച സമാന്തര സര്‍വിസ് വാനിടിച്ച് കടക്കുമുന്നിലിരുന്നവര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. കണിയാപുരം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനുള്ളില്‍ പോലും പരസ്യമായി ഏജന്‍റിനെ നിര്‍ത്തി ആളെ വിളിച്ചുകയറ്റിയിട്ടും ചെറുവിരലനക്കാന്‍ അധികൃതര്‍ തുനിഞ്ഞിട്ടില്ല. നിരോധിക്കപ്പെട്ട ശബ്ദസംവിധാനങ്ങളടക്കം ഘടിപ്പിച്ച് യാത്രക്കാര്‍ക്കുപുറമേ പ്രദേശവാസികള്‍ക്കെല്ലാം ബുദ്ധിമുട്ടുണ്ടാക്കിയാണ് സമാന്തരവാഹനങ്ങളുടെ പാച്ചില്‍. അമിതവേഗത്തില്‍ മത്സരിച്ച് വാഹനമോടിക്കുന്നതിനാല്‍ നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ദിവസങ്ങള്‍ക്കുമുമ്പ് സമാന്തരസര്‍വിസ് വാഹനമിടിച്ച് സിംഗപ്പൂര്‍മുക്കിലെ പാലത്തിന് കേടുപറ്റിയിരുന്നു. നാട്ടുകാര്‍ എം.എല്‍.എ അടക്കമുള്ളവരോട് പരാതിപറഞ്ഞെങ്കിലും പുതുക്കിപ്പണിയേണ്ട പാലമാണെന്നുപറഞ്ഞ് നാട്ടുകാരെ പിന്തിരിപ്പിക്കുകയായിരുന്നു. നടപടിയെടുക്കാതെ വാഹന ഉടമയെ സംരക്ഷിക്കാനാണ് അധികൃതര്‍ക്ക് താല്‍പര്യമുണ്ടായിരുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മോട്ടോര്‍ വാഹന വകുപ്പധികൃതരുടെ പരിശോധനയിലെ പാകപ്പിഴകളാണ് അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാകുംവിധം എയര്‍ഹോണുകളും ശബ്ദസംവിധാനങ്ങളും പ്രവര്‍ത്തിപ്പിക്കാനും സമാന്തര സര്‍വിസുകാരെ പ്രേരിപ്പിക്കുന്നത്. സമാന്തരവാഹനങ്ങളെ പിടിക്കാനിറങ്ങുന്ന ആര്‍.ടി സി സ്ക്വാഡിന്‍െറ ഗതിയും സമാനം തന്നെ. പോത്തന്‍കോട് ജങ്ഷനില്‍ ആറുമാസം മുമ്പ് പരിശോധനക്കത്തെിയ ആര്‍.ടി. സി സംഘത്തെ സമാന്തര സര്‍വിസ് ജിവനക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നു . ലൈസന്‍സ് ഇല്ലാത്ത നിരവധി വാഹനങ്ങള്‍ യാത്രക്കാരെ കുത്തിനിറച്ച് കഴക്കൂട്ടം-കണിയാപുരം- പോത്തന്‍കോട് മേഖലകളില്‍ സര്‍വിസ് നടത്തുണ്ടെങ്കിലും ഇവയൊന്നും പിടികൂടാറില്ല. അപൂര്‍വമായി പിടികൂടുന്ന വാഹനങ്ങളെ പിഴ പോലും ഈടാക്കാതെ പുറത്തിറക്കുന്നതിനായി പ്രമുഖ രാഷ്ട്രീയക്കാരടക്കം രംഗത്തുവരാറുള്ളതായി ഉദ്യോഗസ്ഥര്‍ പറയുന്നു. സമാന്തര സര്‍വിസ് നടത്തുന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളും പരിശോധനകളും ശക്തമാക്കണമെന്നുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, നടപടികള്‍ ഇന്നും അന്യമാണ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.