തിരുവനന്തപുരം: ഇടവപ്പാതിക്കുപിന്നാലെ തുലാവര്‍ഷവും (വടക്ക് കിഴക്കന്‍ മണ്‍സൂണ്‍) കൈവിട്ടതോടെ തണുപ്പുകാലത്തും ജില്ലയില്‍ ചൂട് കനക്കുന്നു. നിലവില്‍ തലസ്ഥാനത്തെ ഉയര്‍ന്ന ചൂട് 34-35 ഡിഗ്രി സെല്‍ഷ്യസാണെങ്കില്‍ ജനുവരിയോടെ ഇത് 37 ഡിഗ്രി വരെ ഉയര്‍ന്നേക്കാം. ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ ചൂട് 39 ഡിഗ്രി ആകാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷണകേന്ദ്രം തള്ളിക്കളയുന്നില്ല. അതിരാവിലെ ജില്ലയില്‍ അനുഭവപ്പെടുന്ന കുറഞ്ഞ ചൂട് ഒരാഴ്ചയായി 23-24 ഡിഗ്രി സെല്‍ഷ്യസാണ്. രണ്ടുദിവസം മുമ്പ് ഇത് 25 ഡിഗ്രി വരെ എത്തിയിരുന്നു. ഡിസംബര്‍-ജനുവരി മാസങ്ങള്‍ പൊതുവെ ശൈത്യകാലമാണ്. ഈ മാസങ്ങളില്‍ ഇത്രയും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ വരും മാസങ്ങള്‍ ഭയപ്പെട്ടേ മതിയാകൂവെന്ന് കാലാവസ്ഥനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. വ്യാഴാഴ്ച സൂര്യാതപമേറ്റ് തലസ്ഥാനത്ത് ഒരാള്‍ മരിച്ചിരുന്നു. കല്ലറ നീറമണ്‍കടവ് സ്വദേശി ശിവദാസന്‍ ആശാരിയാണ് (80) മരിച്ചത്. ഈ സീസണില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ആദ്യ സൂര്യാതപമരണമാണ് ശിവദാസന്‍ ആശാരിയുടേത്. വേണ്ട മുന്‍കരുതല്‍ എടുത്തില്ളെങ്കില്‍ ജില്ലയില്‍ സൂര്യാതപമേറ്റ് മരിക്കുന്നവരുടെ എണ്ണം രണ്ടക്കസംഖ്യയിലേക്ക് എത്തുമെന്നാണ് കാലാവസ്ഥനിരീക്ഷകരുടെ വിലയിരുത്തല്‍. സംസ്ഥാനത്തിന്‍െറ ജലലഭ്യതയുടെ 70 ശതമാനവും ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെ ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അഥവാ ഇടവപ്പാതിയുടെ സംഭാവനയാണ്. വടക്കന്‍കേരളത്തിലാണ് ഇടവപ്പാതി കൂടുതല്‍ ലഭിക്കുക. തെക്കന്‍ കേരളത്തില്‍ ഭാഗികമായി മാത്രമേ ഇടവപ്പാതി ലഭിക്കൂ. എന്നാല്‍, ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31വരെ നീളുന്ന തുലാവര്‍ഷമാണ് തിരുവനന്തപുരമടക്കമുള്ള തെക്കന്‍ ജില്ലകളുടെ കുടിവെള്ളത്തിനും കൃഷിക്കും വൈദ്യുതോല്‍പാദനമടക്കമുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്നത്. അതില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ജില്ല കൂടിയാണ് തലസ്ഥാനം. എന്നാല്‍, തുലാവര്‍ഷത്തില്‍ ജില്ലയില്‍ 79 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് 511.2 മി.മീറ്റര്‍ പ്രതീക്ഷിച്ചിടത്ത് ഡിസംബര്‍ 21 വരെ കിട്ടിയത് 106.4 മി.മീറ്റര്‍ മാത്രം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 52 ശതമാനം അധികമഴ ലഭിച്ചിരുന്നു. മഴയുടെ കുറവില്‍ കോഴിക്കോട് കഴിഞ്ഞാല്‍ കാസര്‍കോടിനൊപ്പം രണ്ടാംസ്ഥാനത്താണ് തിരുവനന്തപുരം. ഇടവപ്പാതിയില്‍ 34 ശതമാനം കുറവും ഉണ്ടായി. ഇതോടെ ജില്ലയിലെ ജലസ്രോതസ്സുകളൊക്കെ വറ്റിവരണ്ട അവസ്ഥയിലാണ്. ജില്ലയില്‍ ഉയര്‍ന്നുവരുന്ന ചൂടിന്‍െറ അടിസ്ഥാനത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.