മതിപ്പുറത്തെ മാലിന്യപ്രശ്നത്തിന് പരിഹാരം

വിഴിഞ്ഞം: മതിപ്പുറത്തെ മാലിന്യപ്രശ്നത്തിന് ഉടന്‍ പരിഹാരം. വിഴിഞ്ഞത്തെ മാലിന്യസംസ്കരണം ഇനി തുമ്പൂര്‍ മൂഴി മോഡലില്‍. ജനുവരി ആദ്യവാരത്തില്‍ ഉദ്ഘാടനം നടക്കുന്ന പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന ജൈവവളത്തിന് ഇപ്പോഴേ ആവശ്യക്കാര്‍ ഏറെ. വിഴിഞ്ഞം ഇന്‍സ്പെക്ഷന്‍ ബംഗ്ളാവിനുസമീപം മതിപ്പുറത്ത് സ്ഥാപിക്കുന്ന മാലിന്യസംസ്കരണ ബിന്നുകളുടെ പണി പൂര്‍ത്തിയായി. വിഴിഞ്ഞം മതിപ്പുറം ഭാഗങ്ങളിലെ മാലിന്യപ്രശ്നം രൂക്ഷമായിരിക്കുകയാണ്. തിങ്ങിഞെരുങ്ങി ഇവിടത്തെ വീടുകള്‍ സ്ഥിതിചെയ്യുന്നതിനാല്‍ അവിടത്തെ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പ്രദേശവാസികള്‍ റോഡരികിലോ കടലിലോ വലിച്ചെറിയുകയാണ് പതിവ്. ഇതിന് ശാശ്വതപരിഹാരമായാണ് ഇവിടെ എയ്റോബിക് ബിന്നുകള്‍ സ്ഥാപിക്കുന്നത്. വിഴിഞ്ഞം തീരദേശമേഖലകളില്‍ കോട്ടപ്പുറം, വിഴിഞ്ഞംചന്ത, മതിപ്പുറം എന്നിവിടങ്ങളിലായി 25 ബിന്നുകളാണ് സ്ഥാപിക്കുന്നത്. ചാലക്കുടിയിലെ തുമ്പൂര്‍മുഴി കന്നുകാലി പ്രജനനഫാം നടത്തുന്ന ഫ്രാന്‍സിസ് സേവ്യര്‍ ആണ് ഈ പദ്ധതി വികസിപ്പിച്ചെടുത്തത്. ഈ പദ്ധതിക്ക് യുനൈറ്റഡ് നാഷന്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം അംഗീകാരം നല്‍കിയിട്ടുണ്ട്. ഈ ബിന്നിനുള്ളില്‍ കരിയിലയോ ഉണങ്ങിയ വാഴയിലയോ ഇട്ട ശേഷം ഇനോക്കുലം സ്പ്രേ ചെയ്യും ഇതിനുമുകളില്‍ ആറിഞ്ച് കനത്തില്‍ ജൈവമാലിന്യങ്ങള്‍ നിഷേപിക്കുന്നു. ഇങ്ങനെ നിരവധി അടുക്കുകളായി ഇവയെല്ലാം നിറയ്ക്കുന്നു. ചത്ത കന്നുകാലികളെ വരെ ഇതില്‍ നിക്ഷേപിച്ചാല്‍ മൂന്ന് മാസം കൊണ്ട് കമ്പോസ്റ്റാക്കി മാറ്റാമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഇതിലൂടെ കുറഞ്ഞ ചെലവില്‍ സമ്പുഷ്ടമായ ജൈവവളം ലഭിക്കും. ഈച്ചശല്യമോ ദുര്‍ഗന്ധമോ ഉണ്ടാകില്ല. ഒരാഴ്ചയോളം ഉയര്‍ന്ന താപനില ഉള്ളതിനാല്‍ അണുബാധ കാണില്ല. ജലത്തില്‍ അലിയുന്ന എത് ജൈവമാലിന്യവും ചിരട്ട ഒഴികെ, തെങ്ങില്‍ നിന്ന് കിട്ടുന്ന ഏത് ഉല്‍പന്നങ്ങളും ബിന്നില്‍ നിക്ഷേപിക്കാം. സോപ്പുകലര്‍ന്ന ജലം ഉപയോഗിക്കാന്‍ പാടില്ല. ഹരിത ഗ്രഹ വാതകമായ മീഥൈല്‍ പരിമിതപ്പെടുത്തി കാര്‍ബണ്‍ ഡൈ ഓക്സൈഡിന്‍െറ അളവ് കുറച്ചാണ് എയ്റോബിക് മാലിന്യസംസ്കരണം നടത്തുന്നത്. ഇതിലൂടെ ഈര്‍പ്പരഹിതവും ദുര്‍ഗന്ധമില്ലാത്തതുമായ വളം മൂന്നുമാസം കൊണ്ട് നിര്‍മിക്കാം. അദാനി ഗ്രൂപ്പിന്‍െറ സാമൂഹികപ്രതിബദ്ധതപദ്ധതിയുടെ ഭാഗമായി ഇവ നിര്‍മാണം പൂര്‍ത്തിയാക്കി നഗരസഭക്ക് കൈമാറും. ജീവനക്കാരെ നിയമിക്കുന്നതിനും ഇതിന്‍െറ നടത്തിപ്പിനും ചുമതല നഗരസഭക്ക് ആയിരിക്കും. പ്ളാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേകസമയം അനുവദിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.