ടെക്നോസിറ്റിയിലെ തൊഴില്‍ തര്‍ക്കം തുടരുന്നു

കഴക്കൂട്ടം: ടെക്നോപാര്‍ക്കിലെ തൊഴില്‍ തര്‍ക്കങ്ങള്‍ക്ക് സമാന രീതിയില്‍ നിര്‍ദിഷ്ട ടെക്നോസിറ്റിയിലും തൊഴില്‍ തര്‍ക്കം. നിസ്സാരമായി വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പും ടെക്നോപാര്‍ക്കും സ്വീകരിക്കുന്നത് തികച്ചും നിഷ്ക്രിയ നിലപാടെന്ന് ആക്ഷേപം. അധികൃതരുടെ അനങ്ങാപ്പാറനയം സര്‍ക്കാറിന്‍െറയും ഐ.ടി വിദഗ്ധരുടെയും സ്വപ്നപദ്ധതിക്ക് സൃഷ്ടിക്കാന്‍ പോകുന്നത് കനത്തവെല്ലുവിളിയാണ്. ടെക്നോപാര്‍ക്കില്‍ അടിക്കടിയുണ്ടാകുന്ന തൊഴില്‍തര്‍ക്കങ്ങള്‍ കാരണം വന്‍കിട കമ്പനികളടക്കം പദ്ധതികള്‍ ആരംഭിക്കാന്‍ വിമുഖത കാണിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് ടെക്നോസിറ്റിയിലും സമാന അവസ്ഥ. തുടര്‍ച്ചയായ രണ്ടാം ദിവസവും തൊഴില്‍ തടസ്സപ്പെട്ടിട്ടും ടെക്നോപാര്‍ക്ക് അധികൃതരും ലേബര്‍വകുപ്പും വേണ്ടവിധത്തില്‍ ഇടപെട്ടിട്ടില്ല. ടെക്നോസിറ്റിയിലെ ട്രിപിള്‍ ഐ.ടി എം.കെ. കാമ്പസിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് തുടര്‍ച്ചയായി രണ്ടാം ദിവസവും തടസ്സപ്പെട്ടത്. പ്രദേശവാസികളായ ചില തൊഴിലാളികളാണ് പ്രവൃത്തികള്‍ തടഞ്ഞത്. പ്രതിഷേധക്കാര്‍ ഇതരസംസ്ഥാനക്കാര്‍ക്ക് നേരെ ഭീഷണി ഉയര്‍ത്തുകയും വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. ലേബര്‍ക്യാമ്പിന് നേരെ ആക്രമണമുണ്ടാകുമെന്ന് ഭീഷണി നില്‍ക്കുന്നതായി ഇവര്‍ പറയുന്നു. 50 ശതമാനം ജോലി പ്രദേശവാസികള്‍ക്ക് നല്‍കണമെന്നും വൈകീട്ട് അഞ്ചിനുശേഷം ജോലി ചെയ്യാന്‍ പാടില്ളെന്നുമുള്ള നിബന്ധനകളാണ് പ്രദേശവാസികളായ തൊഴിലാളികള്‍ ഉന്നയിക്കുന്നത്. എന്നാല്‍, പ്രശ്നം രൂക്ഷമായിട്ടും അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചിട്ടില്ല. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതി സമീപകാലത്താണ് വീണ്ടും ആരംഭിച്ചത്. ടെക്നോസിറ്റിയുടെ ആദ്യ കെട്ടിടത്തിന്‍െറ പണി ആരംഭിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടക്കവെയാണ് പുതിയ സംഭവവികാസങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. പള്ളിപ്പുറത്ത് ദേശീയപാതയോരം ചേര്‍ന്നാണ് സര്‍ക്കാര്‍ സംരംഭമായ ട്രിപിള്‍ ഐ.ടി എം.കെ അന്താരാഷ്ട്ര നിലവാരത്തിലെ കാമ്പസ് പണിയുന്നത്. കൊല്‍ക്കത്ത ആസ്ഥാനമായ സിംപ്ളക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആണ് കരാറെടുത്തിരിക്കുന്നത്. വിദഗ്ധതൊഴിലാളികളെയാണ് നലവില്‍ ആവശ്യമെന്ന് കമ്പനി പറയുന്നു. മാര്‍ച്ചില്‍ ആദ്യഘട്ടത്തിന്‍െറ ഉദ്ഘാടനം നടത്തുന്നതിനായി മൂന്ന് ഷിഫ്റ്റുകളായി ഇരുനൂറിലേറെ തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇതാണ് കഴിഞ്ഞ രണ്ടു ദിവസമായി മുടങ്ങിക്കിടക്കുന്നത്. അധികൃതര്‍ വ്യാഴാഴ്ച ചിറയിന്‍കീഴ് അസിസ്റ്റന്‍റ് ലേബര്‍ ഓഫിസര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍, പൊലിസിന് വെള്ളിയാഴ്ചയും പരാതി ലഭിച്ചിട്ടില്ല. മാസങ്ങള്‍ക്കു മുമ്പ് കഴക്കൂട്ടം ഇന്‍ഫോസിസിലും ഇത്തരത്തില്‍ തൊഴില്‍പ്രശ്നം നിലനിന്നിരുന്നു. സമീപകാലത്തായി അരങ്ങേറിയ പ്രാദേശിക പ്രശ്നങ്ങളും തൊഴില്‍തര്‍ക്കങ്ങളും വന്‍കിട കമ്പനികളെ പദ്ധതികള്‍ ആരംഭിക്കുന്നതില്‍നിന്ന് പിന്നോട്ട് വലിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.