കോര്‍പറേഷന് തിരിച്ചടിയായി ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്

തിരുവനന്തപുരം: മാലിന്യസംസ്കരണത്തിന് വഴിതേടിയലയുന്ന കോര്‍പറേഷന് തിരിച്ചടിയായി ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. പൊതുസ്ഥലത്ത് മാലിന്യം കത്തിക്കുന്നത് നിരോധിച്ചുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവാണ് തിരിച്ചടിക്ക് കാരണമായത്. മാലിന്യം കത്തിച്ചാല്‍ 25,000 രൂപവരെ പിഴ ഈടാക്കാനാണ് ഉത്തരവ്. ഉറവിടത്തില്‍ മാലിന്യസംസ്കരണം ഉള്‍പ്പെടെ ആവിഷ്കരിച്ച പദ്ധതികളെല്ലാം പാതി വഴിയിലായിരിക്കെയാണ് ഹരിത ട്രൈബ്യൂണലിന്‍െറ ഉത്തരവ് കോര്‍പറേഷനുമേല്‍ പ്രഹരമായത്. റോഡരികില്‍ കുന്നുകൂടുന്ന മാലിന്യം അവിടങ്ങളില്‍ തന്നെ കൂട്ടിയിട്ട് കത്തിക്കുകയാണ് കോര്‍പറേഷന്‍ ഇപ്പോള്‍ ചെയ്യുന്നത്. മാലിന്യനിര്‍മാര്‍ജനം സംബന്ധിച്ച് കര്‍മപദ്ധതി തയാറാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോര്‍പറേഷന്‍െറ ഉടമസ്ഥതയിലുള്ള വിളപ്പില്‍ശാല മാലിന്യസംസ്കരണ പ്ളാന്‍റ് പൂട്ടിയ ശേഷം മാലിന്യം ഇല്ലാതാക്കാന്‍ കോര്‍പറേഷന്‍ ആകെ ചെയ്യുന്നത് കത്തിക്കലും കുഴിച്ചുമൂടലുമാണ്. അതിനാണ് ഹരിത ട്രൈബ്യൂണല്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാറിന്‍െറ നിര്‍ദേശമനുസരിച്ച് തുടര്‍നടപടി കൈക്കൊള്ളുമെന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. മാലിന്യനിര്‍മാര്‍ജനത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട അവസ്ഥയിലാണ് കോര്‍പറേഷന്‍. ഉറവിടത്തില്‍ മാലിന്യസംസ്കരണത്തിന് ആവിഷ്കരിച്ച പദ്ധതികളൊന്നും ഫലം കണ്ടില്ളെന്നതാണ് ഇതുവരെയുള്ള അവസ്ഥ. സര്‍ക്കാര്‍ സബ്സിഡി നല്‍കിയിട്ടും പൈപ്പ് കമ്പോസ്റ്റ് വ്യാപകമാക്കാന്‍ കോര്‍പറേഷന് കഴിഞ്ഞില്ല. 10ലക്ഷത്തോളം ജനസംഖ്യയുള്ള കോര്‍പറേഷന്‍ പരിധിയില്‍ ആകെ സ്ഥാപിച്ചത് എണ്‍പതിനായിരത്തില്‍ താഴെ പൈപ്പ് കമ്പോസ്റ്റുകള്‍ മാത്രം. മാര്‍ക്കറ്റുകള്‍, സ്കൂളുകള്‍ തുടങ്ങിയിടങ്ങള്‍ കേന്ദ്രീകരിച്ച് ബയോഗ്യാസ് പ്ളാന്‍റുകള്‍ ഉള്‍പ്പെടെ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും അതും പൂര്‍ണ വിജയമായില്ല. പൊതുഇടങ്ങളിലെ മാലിന്യ സംസ്കരണത്തിന് ഏറ്റവും അവസാനം നടപ്പാക്കിയ എയ്റോബിക് ബിന്നുകള്‍ പലയിടത്തും നോക്കുകുത്തികളായി. 15 വാര്‍ഡുകളിലെ താമസക്കാര്‍ക്ക് അടുക്കള മാലിന്യസംസ്കരണത്തിന് കിച്ചണ്‍ ബിന്നുകള്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ട് മാസങ്ങളായെങ്കിലും അതും നടപ്പായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.