അരിയുമില്ല ഗോതമ്പുമില്ല; ക്രിസ്മസിനും കഞ്ഞി കുമ്പിളില്‍ തന്നെ

തിരുവനന്തപുരം: അട്ടിക്കൂലി പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമായെങ്കിലും ഒരുനുള്ള് ഭക്ഷ്യധാന്യമില്ലാതെ ജില്ലയിലെ റേഷന്‍കടകള്‍. റേഷന്‍ പ്രതിസന്ധി പരിഹരിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും വ്യാഴാഴ്ചവരെയും കാര്‍ഡുടമകള്‍ക്കുള്ള യാതൊന്നും റേഷന്‍കടകളിലത്തെിയിട്ടില്ല. എഫ്.സി.ഐ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്ന ഇവ പൂര്‍ണമായും റേഷന്‍കടകളിലത്തെണമെങ്കില്‍ ക്രിസ്മസ് കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടെ ലക്ഷക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളാണ് പട്ടിണിയിലാകുന്നത്. റേഷന്‍വിതരണം നിലച്ചതോടെ ജില്ലയിലെ പല റേഷന്‍ കടകളും അടച്ചിട്ടിരിക്കുകയാണ്. ഡിസംബറില്‍ റേഷന്‍ എത്തിയാലും അത് മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രമേ വിതരണം ചെയ്യാന്‍ സാധിക്കൂവെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്കുള്ള അരി വിതരണം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാനാണ് ഭക്ഷ്യവകുപ്പിന്‍െറ നിര്‍ദേശം. അരിയുടെ ലഭ്യതയിലുണ്ടായ കുറവാണ് ഇതിന് കാരണം. നിലവില്‍ മുന്‍ഗണന ഇതരകുടുംബത്തിലെ ഓരോ അംഗത്തിനും രണ്ട് കിലോ ഭക്ഷ്യധാന്യം നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞമാസം ഒരു കാര്‍ഡിന് ഒരു കിലോ അരി മാത്രമാണ് നല്‍കിയത്. റേഷന്‍പ്രതിസന്ധിയുടെ മറവിലും ജില്ലയിലെ പല റേഷന്‍കടകളിലും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. മുന്‍ഗണന, എ.എ.ഐ കാര്‍ഡുടമകള്‍ക്കുള്ള സൗജന്യറേഷന്‍ 18 മുതല്‍ 25 വരെ രൂപക്കാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും നോണ്‍സബ്സിഡി കാര്‍ഡുടമകള്‍ക്കും വ്യാപാരികള്‍ നല്‍കുന്നത്. സംസ്ഥാനത്തിന്‍െറ ചരിത്രത്തിലാദ്യമായി റേഷന്‍ മുടങ്ങിയതോടെ പൊതുവിപണിയില്‍ അരിവിലയും കുതിക്കുകയാണ്. ജയ അരിക്ക് കിലോക്ക് ചില്ലറവില 40 രൂപവരെ എത്തി. മൊത്തവ്യാപാരികള്‍ 36 രൂപക്ക് നല്‍കുന്ന അരിയാണ് ചില്ലറ വില്‍പനകേന്ദ്രങ്ങളിലത്തെുമ്പോള്‍ വില വീണ്ടും വര്‍ധിക്കുന്നത്. മട്ട അരിക്ക് ക്ഷാമമില്ളെങ്കിലും ജയ അരിയുടെ അഭാവത്തില്‍ ചിലര്‍ വിലകൂട്ടിവാങ്ങുന്നതായി ആക്ഷേപമുണ്ട്. അതേസമയം, ആന്ധ്ര ലോബിയുടെയും സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കച്ചവട ഏജന്‍സികളുടെയും ഇടപെടലുകളും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. നോട്ട് ദുരന്തത്തിന് പിന്നാലെ റേഷന്‍ ദുരന്തം കൂടി അനുഭവിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.