തിരുവനന്തപുരം: കോര്‍പറേഷന്‍ ഫോര്‍ട്ട് സോണല്‍ ഓഫിസില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കുന്നതും നമ്പര്‍ നല്‍കുന്നതും സംബന്ധിച്ച് എന്‍ജിനീയറിങ്/റവന്യൂ വിഭാഗങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം പരിശോധിക്കാന്‍ നിര്‍ദേശം. 24 മണിക്കൂറിനകം പരിശോധിച്ച് വിവരം റിപ്പോര്‍ട്ട് ചെയ്യുന്നതിന് മേയര്‍ കോര്‍പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ സോണല്‍ ഓഫിസില്‍ പരിശോധന നടത്തി. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു നടപടിക്കും ഭരണസമിതി കൂട്ടുനില്‍ക്കില്ളെന്നും പരാതി ശ്രദ്ധയില്‍പെട്ടാല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു. പലപ്പോഴും ടൗണ്‍ പ്ളാനിങ് വിഷയത്തില്‍ പരാതി ലഭിക്കുമ്പോള്‍ വ്യക്തമായ വിലാസവും ഒപ്പും കാണാറില്ല. ഇത്തരം പരാതികള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്. നഗര വികസനവുമായി ബന്ധപ്പെട്ടും മാസ്റ്റര്‍ പ്ളാന്‍ അടിസ്ഥാനത്തിലും നിയമാനുസൃതം അനുവാദം നല്‍കാന്‍ കഴിയാത്ത വിഷയങ്ങളും പരാതികളായി ഉയര്‍ന്നുവരാറുണ്ട്. എന്നാല്‍ ചെറിയ വാസഗൃഹങ്ങള്‍ക്കുള്ള പെര്‍മിറ്റില്‍ കാലതാമസം ഒഴിവാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനും മേയറുടെ അധ്യക്ഷതയില്‍ എല്ലാ മാസവും ടൗണ്‍ പ്ളാനിങ് അദാലത് ചേരാറുണ്ട്. വ്യക്തമായ രേഖപ്പെടുത്തലുകളോടുകൂടിയ പരാതികള്‍ ടൗണ്‍ പ്ളാനിങ് അദാലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാറുണ്ട്. ഈ സൗകര്യം പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്നും മേയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.