മെര്‍ക്കിസ്റ്റന്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചു

വിതുര: പൊന്മുടി മെര്‍ക്കിസ്റ്റന്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ ആരംഭിച്ച സമരം അവസാനിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, എസ്റ്റേറ്റ് ഉടമ സേവി മനോ മാത്യു എന്നിവരുടെ സാന്നിധ്യത്തില്‍ തൊഴിലാളികളും സംഘടന പ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിച്ചത്. ബുധനാഴ്ച കുളച്ചിക്കര പൊതുമരാമത്ത് വകുപ്പ് ക്യാമ്പ് ഷെഡിലായിരുന്നു ചര്‍ച്ച. തൊഴിലാളികളുടെ ശമ്പള കുടിശ്ശിക പൂര്‍ണമായും കൊടുത്തുതീര്‍ത്തു. ഇതുവരെയുള്ള ഇന്‍ഷുറന്‍സ് പ്രീമിയം കുടിശ്ശികയും അടച്ചു. അടുത്തമാസം മുതല്‍ ഏഴിന് ശമ്പളം കൊടുക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. പ്രൊവിഡന്‍റ് ഫണ്ട് കുടിശ്ശിക ഈമാസം 31നുമുമ്പ് അടച്ചുതീര്‍ക്കും. പ്രസവ ആനുകൂല്യം, മെഡിക്കല്‍ ആനുകൂല്യം എന്നിവയും 31നുമുമ്പ് വിതരണം ചെയ്യും. ക്രിസ്മസിന്മുമ്പ് ഉത്സവബത്ത നല്‍കും. എസ്റ്റേറ്റിന്‍െറ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മാനേജ്മെന്‍റ് പ്രതിനിധി, സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി സംഘടന പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിച്ചു. വിരമിച്ച തൊഴിലാളികള്‍ ലയങ്ങളുടെ താക്കോല്‍ മാനേജ്മെന്‍റിനെ തിരിച്ചേല്‍പിച്ച് ആനുകൂല്യം കൈപ്പറ്റി പടിയിറങ്ങണം എന്ന വ്യവസ്ഥയും ചര്‍ച്ചയില്‍ അംഗീകരിച്ചു. തോട്ടം തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ഭാരവാഹി ഷാജി മാറ്റപ്പള്ളി, ഐ.എന്‍.ടി.യു.സി പ്രതിനിധികളായ ഡി. രഘുനാഥന്‍നായര്‍, മനോഹരന്‍, വാര്‍ഡ് അംഗം ജിഷ, ബ്ളോക്ക് പഞ്ചായത്ത് അംഗം ജെ. വേലപ്പന്‍, സി.പി.എം വിതുര ലോക്കല്‍ സെക്രട്ടറി വിനീഷ്കുമാര്‍, പൊന്മുടി ബ്രാഞ്ച് സെക്രട്ടറി മണിയന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മൂന്നുമാസത്തോളമായി ശമ്പളം മുടങ്ങിയതിനത്തെുടര്‍ന്ന് തിങ്കളാഴ്ചയാണ് തൊഴിലാളികള്‍ സംയുക്തമായി എസ്റ്റേറ്റ് പടിക്കല്‍ സമരം തുടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.