ഈ വിദ്യാര്‍ഥികള്‍ ഇനി അന്തിയുറങ്ങും; നാട്ടുകാരുടെ കാരുണ്യത്തണലില്‍

മാറനല്ലൂര്‍: ഷീറ്റ് ചാരി മറച്ച തകരക്കൂട്ടില്‍ അന്തിയുറങ്ങിയിരുന്ന മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ സുരക്ഷിതമായി ഉറങ്ങാം. മാറനല്ലൂര്‍ മേലാരിയോട് എസ്.ആര്‍ നിവാസില്‍ സൗമ്യ (19), രമ്യ (16), വിജീഷ് (15) എന്നീ സഹോദരങ്ങള്‍ക്കാണ് നാട്ടുകാരുടെ സഹായ സഹകരണത്തോടെ വീട് ലഭിച്ചത്. മൂന്നു സെന്‍റ് വസ്തുവില്‍ നിര്‍മിച്ച വീടിന്‍െറ താക്കോല്‍ കൈമാറ്റവും ഗൃഹപ്രവേശവും ചൊവ്വാഴ്ച ഉച്ചക്ക് നടന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എരുത്താവൂര്‍ ചന്ദ്രന്‍ കുട്ടികളുടെ അപ്പൂപ്പന്‍ തങ്കയ്യന്‍ നാടാര്‍ക്ക് വീടിന്‍െറ താക്കോല്‍ കൈമാറി. തുടര്‍ന്ന് പാലുകാച്ചല്‍ ചടങ്ങും വിഭവ സമൃദ്ധമായ സദ്യയും. മാതാപിതാക്കള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വൃദ്ധദമ്പതികളായ തങ്കയ്യന്‍, ലില്ലി ഭായി എന്നിവരുടെ സംരക്ഷണയിലും നാട്ടുകാരുടെയും പള്ളിക്കാരുടെയും സഹായത്തിലുമാണ് കുട്ടികള്‍ കഴിഞ്ഞിരുന്നത്. ഇവരുടെ എല്ലാ കാര്യങ്ങളിലും നാട്ടുകാരുടെ ശ്രദ്ധയുണ്ടായിരുന്നു. വരുമാനമാര്‍ഗമൊന്നുമില്ലാത്ത ഈ കുടുംബത്തിന്‍െറ എല്ലാ ചെലവുകളും ഒരു മനസ്സോടെ നാട്ടുകാര്‍ ഏറ്റെടുത്തു. ബി.ജെ.പി മേലാരിയോട് വാര്‍ഡ് കമ്മിറ്റിയാണ് വീട് എന്ന ആശയം മുന്നോട്ടുവെച്ചതും അതിനായി പ്രവര്‍ത്തനം ആരംഭിച്ചതും. ഇവരുടെ ഈ ഉദ്യമം നാട്ടുകാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ അടച്ചുറപ്പുള്ള വീട് ഇവര്‍ക്ക് സ്വന്തമായി. വീട് നിര്‍മാണ ജോലിക്കാരില്‍ പലരും കൂലി വാങ്ങാതെയാണ് സഹകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.