തിരുവനന്തപുരം: അനിയന്ത്രിതമായി പെരുകുന്ന ഡേകെയറുകള്‍ നിയന്ത്രിക്കാന്‍ കോര്‍പറേഷന്‍ ആലോചന. വ്യവസ്ഥകള്‍ പാലിക്കാതെയും ലൈസന്‍സുകളില്ലാതെയുമാണ് പലതും പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ എണ്ണമെടുക്കാനും ലൈസന്‍സ് ഏര്‍പ്പെടുത്താനുമാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച ശിപാര്‍ശ അടുത്ത കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കും. നിലവില്‍ ഡേകെയറുകളും സ്വകാര്യ നഴ്സറികളും ആരംഭിക്കാന്‍ പ്രത്യേകിച്ച് മാനദണ്ഡങ്ങള്‍ ഒന്നുമില്ല. ഇങ്ങനെ തുടങ്ങുന്ന ചില സ്ഥാപനങ്ങളെക്കുറിച്ച് പരാതികളും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇവ നിയന്ത്രിക്കാന്‍ ആലോചിക്കുന്നത്. ആവശ്യത്തിന് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാതെ കാര്‍പോര്‍ച്ചുകളില്‍ വരെ ഡേകെയറുകള്‍ സജ്ജീകരിച്ചിട്ടുള്ള നിരവധി സ്ഥാപനങ്ങള്‍ നഗരത്തിലുണ്ട്. കുഞ്ഞുങ്ങള്‍ക്ക് കളിക്കാനോ, ഉറങ്ങാനോ സൗകര്യമില്ലാത്തതും വൃത്തിയുള്ള ശുചിമുറികളില്ലാത്തതുമായ ഇത്തരം സ്ഥാപനങ്ങളെയാണ് നിയന്ത്രിക്കാനുദ്ദേശിക്കുന്നത്. പലയിടത്തും ഭീമമായ തുകയാണ് ഫീസ് ഈടാക്കുന്നുണ്ട്. എന്നാല്‍ അതിനാനുപാതിക സൗകര്യങ്ങള്‍ ഒരുക്കുന്നില്ല. കുട്ടികളെ പരിപാലിക്കുന്നതിന് ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനും പലരും തയാറല്ല. വാടകക്കെടുത്ത മുറിയും ഒരു ആയയും ഉണ്ടെങ്കില്‍ ആര്‍ക്കും ഡേകെയര്‍ തുടങ്ങാമെന്ന രീതിയാണ് നിലവിലുള്ളത്. ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ ശ്രമം ആരംഭിച്ചത്. അതേസമയം, മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ഡേകെയറുകളും നഗരത്തിലുണ്ട്. നഗരത്തില്‍ കോര്‍പറേഷന് കീഴില്‍ ഒമ്പത് നഴ്സറികളും വിദ്യാഭ്യാസവകുപ്പിന് കീഴില്‍ 30 പ്രീപ്രൈമറി സ്കൂളുകളുമാണ് പ്രവര്‍ത്തിക്കുന്നത്. ഇവക്ക് പുറമെയാണ് ഇത്തരത്തിലുള്ള ഡേ കെയറുകള്‍ ദിനംപ്രതി മുളച്ചുപൊന്തുന്നത്. ചില ഡേകെയറുകളില്‍ യൂനിഫോം നിര്‍ബന്ധമാണ്. വാഷിങ്ങിന്‍െറയും ക്ളീനിങ്ങിന്‍െറയും ഫീസ് പ്രത്യേകം ഇടാക്കുന്ന സ്ഥാപനങ്ങളുമുണ്ട്. വിദ്യാഭ്യാസവകുപ്പിന് കീഴിലെ പ്രീ പ്രൈമറി സ്കൂളുകളില്‍ 40 കുട്ടികള്‍ക്ക് ഒരു അധ്യാപികയും ആയയും എന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഡേകെയറുകളില്‍ ഈ അനുപാതം പോരെന്നാണ് വിലയിരുത്തല്‍. ആറുമാസം മുതലുള്ള കുഞ്ഞുങ്ങളെയാണ് ഡേകെയറില്‍ പ്രവേശിപ്പിക്കുന്നത്. സ്കൂള്‍ വിട്ട് വരുന്ന കുഞ്ഞുങ്ങള്‍ക്കായുള്ള ആഫ്റ്റര്‍ സ്കൂള്‍ കെയര്‍ ഹോം എന്നപേരിലും നഗരത്തില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.