തിരുവനന്തപുരം: മലയാളസിനിമയും ചരിത്രവും സിനിമാപ്രവര്‍ത്തകരും നെഞ്ചോട് ചേര്‍ക്കുന്ന രണ്ട് ശങ്കരന്‍കുട്ടിമാര്‍ ഉണ്ടായിരുന്നു. ഒന്നാമത്തേത് അടൂര്‍ ഗോപാലകൃഷ്ണന്‍െറ കൊടിയേറ്റത്തിലെ ശങ്കരന്‍കുട്ടിയാണെങ്കില്‍ രണ്ടാമത്തേത് ഐ.എഫ്.എഫ്.കെയുടെ ശങ്കരന്‍കുട്ടിയാണ്. പഴയ സിനിമകളുടെ നെഗറ്റീവും പ്രിന്‍റും എവിടെ ഉണ്ടെന്ന് കേട്ടാലും അടുത്തനിമിഷം വണ്ടികയറുന്ന ലാബ് ശങ്കരന്‍കുട്ടി. സിനിമയെയും ചലച്ചിത്രമേളയെയും മാത്രം ശ്വസിച്ച ആ ശരീരം ഇന്ന് ശാന്തികവാടത്തില്‍ അന്ത്യനിദ്രയിലാഴുമ്പോള്‍, മൂന്ന് കിലോമീറ്റര്‍ ഇപ്പുറത്ത് നിശാഗന്ധിയില്‍ കാര്‍ത്തികവിളക്കുകള്‍ കത്തുകയാണ്. ശങ്കരന്‍കുട്ടിയെ എന്നും ആവേശം കൊള്ളിച്ച കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 21 തിരിവിളക്കുകള്‍. 21ാമത് ചലച്ചിത്രമേളയുടെ ആരംഭം മുതല്‍ സജീവമായിരുന്ന ഇദ്ദേഹം, കഴിഞ്ഞ നവംബര്‍ 23നാണ് അന്തരിച്ചത്. ഒരുകാലത്ത് മലയാള സിനിമക്ക് ഇദ്ദേഹം എന്തല്ലാമോ ആയിരുന്നു. ടെക്നീഷ്യന്‍, ലാബ് അസിസ്റ്റന്‍റ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, നിര്‍മാതാവ്... അങ്ങനെ പലതും. മദിരാശിയിലെ വാഹിനിയിലും ജമിനിയിലും ഭൂരിഭാഗം മലയാള സിനിമകളെയും പണമില്ലാത്തതുമൂലം പടിക്ക് പുറത്ത് നിര്‍ത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് ശങ്കരന്‍കുട്ടിയായിരുന്നു താരം. മലയാള സിനിമകളെ പടിക്ക് പുറത്തുനിര്‍ത്തിയ ലാബുകള്‍ പക്ഷേ, ശങ്കരന്‍കുട്ടിയിലെ ലാബ് ടെക്നീഷ്യനെ ഇരും കൈയും നീട്ടി സ്വീകരിച്ചു. അങ്ങനെ എസ്. ശങ്കരന്‍കുട്ടി ലാബ് ശങ്കരന്‍കുട്ടിയായി. സിനിമാമോഹവുമായി മദിരാശിയിലത്തെുന്ന മലയാള നിര്‍മാതാക്കള്‍ക്കും ചെറുപ്പക്കാര്‍ക്കും വഴികാട്ടിയായിരുന്നു ഇദ്ദേഹം. കമല്‍ഹാസനും മമ്മൂട്ടിയും ശ്രീനിവാസനും ലിസിയുമൊക്കെ ഈ നന്മമരത്തിന്‍െറ ചുവട്ടില്‍നിന്നാണ് സിനിമ ലോകത്തേക്ക് വളര്‍ന്നുപന്തലിച്ചത്. അമ്പതോളം സിനിമകളുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറയായിരുന്ന അദ്ദേഹം ആദ്യം നിര്‍മിച്ച സിനിമ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ‘നിര്‍വൃതി’ യായിരുന്നു. ചലച്ചിത്ര വികസന കോര്‍പറേഷന് കീഴില്‍ ചിത്രാഞ്ജലി എന്ന ആശയം ഉദിച്ചപ്പോള്‍ ഷാജി എന്‍. കരുണിന്‍െറ നേതൃത്വത്തിലുള്ള സംഘം ആദ്യം സമീപിച്ചത് ശങ്കരന്‍കുട്ടിയെയായിരുന്നു. അക്കാദമിയുടെ ചലചിത്ര മേളക്ക് സിനിമയുടെ പഴയ പ്രിന്‍റും നെഗറ്റീവും എത്തിക്കുന്ന പ്രധാന ചുമതല ഇദ്ദേഹത്തിനായിരുന്നു. ഇദ്ദേഹത്തിന്‍െറ ഏറ്റവും വലിയ ആഗ്രഹം താന്‍ നിര്‍മിച്ച ഒരു പടമെങ്കിലും ഐ.എഫ്.എഫ്.കെയില്‍ കളിക്കണമെന്നതായിരുന്നു. കഴിഞ്ഞമാസം തുടക്കത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന് മുന്നില്‍ ഒരു കടലാസുമായി ശങ്കരന്‍കുട്ടിയത്തെി. ഈ വര്‍ഷം മലയാളസിനിമക്ക് നഷ്ടമായ 23 പേരുടെ പേരുകളായിരുന്നു അതില്‍. ‘‘കമലേ, ഇവര്‍ക്ക് അര്‍ഹമായ ആദരം മേളയില്‍ കൊടുക്കണം. ഇനി ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ആ പേരുംകൂടി എഴുതിച്ചേര്‍ക്കണം’’. അവസാനം നവംബര്‍ 24ന് ആ കടലാസില്‍ ചലച്ചിത്ര അക്കാദമി ഒരുപേരും കൂടി എഴുതി ച്ചേര്‍ത്തു. എസ്. ശങ്കരന്‍കുട്ടി (72).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.