തിരുവനന്തപുരം: ഹരിതകേരളം മിഷന്‍ പരിപാടിയുടെ നഗരസഭാതല ഉദ്ഘാടനം ചാക്ക വൈ.എം.സി.എ ഗ്രൗണ്ടില്‍ ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ നിര്‍വഹിച്ചു. കേരളത്തെ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങളുടെ ഫലമായാണ് സര്‍ക്കാര്‍ നവകേരള മിഷന് രൂപം നല്‍കിയത്. സാമൂഹിക-വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലെ കുതിച്ചുചാട്ടമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവിതവും കാലവും മാറിയതോടെ ജീവിതശൈലിയും ചുറ്റുപാടുമുള്ള മാറ്റവും മാലിന്യസംസ്കരണത്തിന് കീറാമുട്ടിയായി. ഇത് പരിസ്ഥിതിയെയും സര്‍വ ജന്തുജാലങ്ങളുടെയും നിലനില്‍പിനെയും ബാധിക്കുന്നു. വിഷമടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ അര്‍ബുദം പോലുള്ള മാരകരോഗങ്ങള്‍ വര്‍ധിക്കുന്നതായും ഇത് ഒഴിവാക്കാന്‍ ജൈവകൃഷിയിലേക്ക് നാം മാറണമെന്നും വി.എസ് പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു. നഗരസഭയുടെ വിവിധ വാര്‍ഡില്‍നിന്ന് ശേഖരിച്ച പ്ളാസ്റ്റിക്കുകള്‍ ചടങ്ങില്‍ കൈമാറി. വഞ്ചിയൂര്‍ വാര്‍ഡിലെ ചിറക്കുളം കോളനി പ്രദേശത്ത് കുന്നുകൂടിയ മാലിന്യം നീക്കുന്ന പ്രവര്‍ത്തനം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വീടുകള്‍ സന്ദര്‍ശിച്ച് മന്ത്രി പദ്ധതി ബോധവത്കരണം നടത്തി. മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. വി.എസ്. ശിവകുമാര്‍ എം.എല്‍.എ മുഖ്യാതിഥിയായി. ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരം സമിതി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, വഞ്ചിയൂര്‍ പി. ബാബു, ആര്‍. ഗീതാഗോപന്‍, സഫീറാബീഗം, അഡ്വ. ആര്‍. സതീഷ്കുമാര്‍, എസ്. ഉണ്ണികൃഷ്ണന്‍ തുടങ്ങി കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ആരോഗ്യമേഖലയിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.