വാമനപുരം പഞ്ചായത്തിലെ പകുതിയോളം ഭാഗങ്ങളില്‍ കുടിവെള്ളമില്ല

വെഞ്ഞാറമൂട്: കൈലാസത്തുകുന്ന് കുടിവെള്ള പദ്ധതിയിലെ പമ്പുകള്‍ തകരാറില്‍. നാലു ദിവസമായി നെല്ലനാട്, വാമനപുരം പഞ്ചായത്തുകളിലെ പകുതിയോളം ഭാഗങ്ങളില്‍ കുടിവെള്ളമില്ല. എട്ടുമാസം മുമ്പ് ഉദ്ഘാടനം ചെയ്ത കുടിവെള്ള പദ്ധതിയിലെ രണ്ട് പമ്പുകളില്‍ ഒരെണ്ണം കത്തിപ്പോയി. മറ്റൊന്ന് പമ്പ് ചെയ്യുന്നതിനിടെ വെള്ളം കയറി കേടാവുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച മുതല്‍ പമ്പിങ് നിലച്ചിരിക്കുകയാണ്. ഇതോടെ പദ്ധതിയെ ആശ്രയിക്കുന്ന നെല്ലനാട്, വാമനപുരം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്ക് കുടിവെളളം മുടങ്ങി. നെല്ലനാട് പഞ്ചായത്തിലെ ഉടയന്‍പാറ, കീഴായിക്കോണം, കോട്ടുകുന്നം, ആനപ്പാറ, അമ്പലംമുക്ക്, ആശുപത്രിമുക്ക്, മണ്ഡപക്കുന്ന്, മുടിയൂര്‍ക്കോണം, വാമനപുരം പഞ്ചായത്തിലെ പരപ്പാറമുകള്‍, ആനച്ചല്‍, കണിച്ചോട്, വാമനപുരം പ്രദേശങ്ങളിലാണ് കുടിവെള്ളം മുടങ്ങിയത്. തുലാമഴ ലഭിക്കാത്തതു മൂലം വേനല്‍ കനത്തു തുടങ്ങും മുമ്പേ കിണറുകളും തോടുകളുമെല്ലാം വറ്റി വരണ്ടിരിക്കുകയാണ്. രൂക്ഷമായ കുടിവെളള ക്ഷാമം മൂലം നാട്ടുകാര്‍ പൈപ്പു വെള്ളത്തെയാണ് ആശ്രയിച്ചിരുന്നത്. നാലു ദിവസമായി പൈപ്പുവെള്ളം മുടങ്ങിയതോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടത്തിലാണ്. പുതിയ പമ്പ് കത്തിപ്പോയത് ശരിയാക്കാന്‍ ഇനി കോയമ്പത്തൂരിലെ കമ്പനിയില്‍നിന്ന് വിദഗ്ധര്‍ എത്തിയാലേ സാധിക്കൂ. ഇനി പമ്പ് എന്നു ശരിയാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ക്കും ഉറപ്പില്ല. വെള്ളം കയറിയ പമ്പ് ശരിയാക്കി ഭാഗികമായി പമ്പിങ് തുടങ്ങാനാണ് ശ്രമം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.