ഹരിതകേരളത്തിനായി നാടുണരുന്നു

തിരുവനന്തപുരം: ഹരിതകേരള സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ചെറുതും വലുതുമായ നിരവധി പദ്ധതികളുമായി തലസ്ഥാന ജില്ല. 1499 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്കുപുറമെ കോര്‍പറേഷനും നഗരസഭകളും ആസൂത്രണം ചെയ്ത കാര്‍ഷിക ജലസംരക്ഷണ ശുചീകരണപദ്ധതികളുമായി ജില്ലയിലെ എല്ലാ മുക്കുമൂലകളും ഹരിതകേരളം മിഷന്‍െറ ഭാഗമാകും. എല്ലാ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ജലസ്രോതസ്സുകളുടെ നവീകരണവും റീചാര്‍ജിങ്ങും പുതിയ കിണര്‍ നിര്‍മാണവും അടക്കം ഒന്നിലധികം പ്രവൃത്തികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ജലസംരക്ഷണപ്രവൃത്തികളുടെ ഭാഗമായി ജില്ലയില്‍ 62000 മഴക്കുഴികള്‍ നിര്‍മിച്ചു. ഒരുമാസത്തിനുള്ളില്‍ ഒരു ലക്ഷം മഴക്കുഴികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പച്ചക്കറികൃഷിക്ക് കൃഷി വകുപ്പ് വ്യത്യസ്തങ്ങളായ പരിപാടികളാണ് നടപ്പാക്കുന്നത്. പച്ചക്കറികൃഷി, വിത്തുവിതരണം തുടങ്ങിയ കൃഷി വകുപ്പിന്‍െറ പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങളും സ്കൂളുകളും ഏറ്റെടുത്തിട്ടുണ്ട്. ജില്ലയിലെ ജലസേചന സൗകര്യമുള്ള നൂറോളം സ്കൂളുകളില്‍ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാവും. പ്രൈമറിതലം മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെ സ്കൂള്‍ കുട്ടികള്‍ പദ്ധതിയുടെ ഭാഗമാകും. ജില്ല പഞ്ചായത്തിന്‍െറ സാമ്പത്തിക സഹായത്തോടെ ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പദ്ധതിക്ക് തൈകളും സാങ്കേതികസഹായവും കൃഷിവകുപ്പാണ് നല്‍കുക. സര്‍ക്കാര്‍ ഓഫിസുകളും ആശുപത്രികളും സ്കൂളുകളും പദ്ധതിയുടെ ഭാഗമായി ശുചീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.