വിഴിഞ്ഞം: നെയ്യാറ്റിന്‍കരക്ക് സമീപം അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ യുവാക്കള്‍ക്ക് നാട്ടുകാരുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. സ്വന്തമായി ഒരു സെന്‍റ് ഭൂമി പോലുമില്ലാത്ത മഹേഷിന്‍െറ മൃതദേഹം സംസ്കരിച്ചത് ഇയാള്‍ താമസിക്കുന്ന വാടകവീട് ഉടമ നല്‍കിയ സ്ഥലത്ത്. കോട്ടുകാല്‍, മന്നോട്ടുകോണം തെങ്ങുവിള വീട്ടില്‍ വസന്തയുടെ മകന്‍ ഷിബുകുമാര്‍ (27) മന്നോട്ടുകോണം ശോഭാ കോട്ടേജില്‍ വാടകക്ക് താമസിക്കുന്ന വിനിതയുടെ മകന്‍ മഹേഷ് (26) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചത്. സ്വന്തമായി ഒരുതുണ്ട് ഭൂമിപോലും ഇല്ലാത്ത മഹേഷിന്‍റെ മൃതദേഹം ഇയാള്‍ വാടകക്ക് താമസിച്ചിരുന്ന വീട്ടുടമ മന്നോട്ടുകോണം സ്വദേശിനി ശോഭനകുമാരി നല്‍കിയ സ്ഥലത്താണ് സംസ്കരിച്ചത്. മരണപ്പെട്ട ഇരുവരും നിര്‍ധന കുടുംബാംഗങ്ങളാണ്. കൂലിപ്പണിക്കാരനായ ഷിബുകുമാര്‍ ഭാര്യ സൗമ്യ, രണ്ടു വയസ്സുള്ള മകള്‍ അനഘ, വൃദ്ധരും രോഗികളുമായ മാതാവ് വസന്ത, മുത്തശ്ശി പങ്കജാക്ഷി എന്നിവരുടെ ഏക ആശ്രയമായിരുന്നു. ഷിബുകുമാറിന്‍െറ മരണത്തോടെ ഒരു കുടുംബം അനാഥമായിരിക്കുകയാണ്. ഷിബുകുമാറിന്‍െറ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. അയല്‍വാസികളും സുഹൃത്തുക്കളുമായ ഷിബുകുമാറും മഹേഷും പനച്ചമുട്ടില്‍ താമസിക്കുന്ന മഹേഷിന്‍െറ ബന്ധുഗൃഹത്തിലേയ്ക്ക് പോകവേ അമരവിള പാലത്തിനു സമീപത്തുവെച്ച് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് കരിങ്കല്ലിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ചാണ് അപകടമുണ്ടായത്. പൊലീസ് നടപടികള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹങ്ങള്‍ നന്നംകുഴി ജങ്ഷനില്‍ പൊതുദര്‍ശനത്തിന് വെച്ചു. കോവളം എം.എല്‍.എ എം.വിന്‍സെന്‍റ്, സി.പി.എം കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാര്‍, പഞ്ചായത്ത് പ്രസിഡന്‍റ് ടി. സജി തുടങ്ങി നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. മഹേഷ് കോണ്‍ക്രീറ്റ് തൊഴിലാളിയും ഷിബുകുമാര്‍ കാട്ടാക്കടയിലെ ഒരു പെട്രോള്‍ പമ്പ് ജീവനക്കാരനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.