യു.ഡി.എഫ് അംഗങ്ങള്‍ ഓഫിസ് ഉപരോധിച്ചു

കാട്ടാക്കട: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് കമ്മിറ്റിക്ക് നോട്ടിസ് നല്‍കി യോഗം ആരംഭിച്ചശേഷം സെക്രട്ടറി എന്‍.ജി.ഒ യൂനിയന്‍െറ പ്രകടനത്തിന് പോയെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ 11ഓടെ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ സമരവും ഉപരോധവും ബഹളവുമൊക്കെ അഞ്ചരമണിയോടെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ അവസാനിച്ചു. തിങ്കളാഴ്ച പഞ്ചായത്ത് കമ്മിറ്റി നടത്താന്‍ ജനപ്രതിനിധികള്‍ക്ക് നോട്ടിസ് നല്‍കി. രാവിലെ 11ഓടെ കമ്മിറ്റി തുടങ്ങി. യു.ഡി.എഫ് അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്‍റുമായി വാക്കേറ്റം നടന്നു. ഇതിനിടെയാണ് സെക്രട്ടറി എന്‍.ജി.ഒ യൂനിയന്‍െറ പ്രതിഷേധപ്രകടനത്തിന് പോയത്. കമ്മിറ്റി വിളിച്ചശേഷം സെക്രട്ടറിയും ജീവനക്കാരും പ്രകടനത്തിന് പോയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫിസ് പടിക്കല്‍ കുത്തിയിരുന്നു. പ്രകടനം കഴിഞ്ഞത്തെിയ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാരെ ഓഫിസിനകത്ത് കയറാന്‍ അനുവദിക്കാതെ ഒരുഭാഗത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തിലുള്ള ബി.ജെ.പി അംഗങ്ങളും മറുവശത്ത് യു.ഡി.എഫ് അംഗങ്ങളും നിലയുറപ്പിച്ചു. ഇതിനിടെ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാരെ ഓഫിസിനകത്ത് പ്രവേശിപ്പിക്കാന്‍ സി.പി.എം അംഗങ്ങളും എന്‍.ജി.ഒ യൂനിയന്‍ നേതാക്കളും ശ്രമം തുടങ്ങി. ഇത് സംഘര്‍ഷാവസ്ഥക്ക് കളമൊരുക്കി. ഇതിനിടയില്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഓഫിസിനകത്ത് പ്രവേശിക്കുകയും ചെയ്തു. ഡ്യൂട്ടിസമയത്ത് പ്രതിഷേധപ്രകടനത്തിനിറങ്ങിയ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കെതിരെ നടപടിവേണമെന്ന് ബി.ജെ.പി-യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. വൈകീട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുമായി ചര്‍ച്ച നടത്തി നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയതോടെ സമരക്കാര്‍ പിരിഞ്ഞു. എന്നാല്‍, കഴിഞ്ഞദിവസം സെക്രട്ടറിയെ ബി.ജെ.പി അംഗങ്ങള്‍ തടഞ്ഞുവെച്ചതുമായിബന്ധപ്പെട്ട് എന്‍.ജി.ഒ യൂനിയന്‍ പഞ്ചായത്ത് പടിക്കല്‍ ഒരുമണിക്ക് പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് കമ്മിറ്റിക്കിടെ പ്രാഥമികാവശ്യത്തിനായി ഇറങ്ങിയ സെക്രട്ടറിയെ തിരികെ കയറ്റാന്‍ അനുവദിക്കാതെ ബോധപൂര്‍വം ബി.ജെ.പിക്കൊപ്പംനിന്ന് യു.ഡി.എഫ് സമരം ചെയ്തതാണെന്നും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.