മംഗലപുരത്ത് സമ്പൂര്‍ണ പ്ളാസ്റ്റിക് നിരോധനത്തിന് തുടക്കമാകുന്നു

കഴക്കൂട്ടം: മംഗലപുരം പഞ്ചായത്തില്‍ സമ്പൂര്‍ണ പ്ളാസ്റ്റിക് നിരോധനത്തിന് തുടക്കമാകുന്നു. പഞ്ചായത്തിലെ എല്ലാവീട്ടുകാരെയും പങ്കെടുപ്പിച്ച് ബൃഹത്തായ യജ്ഞത്തിനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാറിന്‍െറ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ആവിഷ്കരിച്ചിരിക്കുന്ന ‘ശുദ്ധഗ്രാമം പദ്ധതിയാണ്’ മാതൃകയാകുന്നത്. ഒരുവര്‍ഷത്തെ പരിപാടിക്ക് എട്ടിന് തുടക്കമാകുമെന്ന് പ്രസിഡന്‍റ് മംഗലപുരം ഷാഫി മാധ്യമത്തോട് പറഞ്ഞു. ശുദ്ധഗ്രാമം പദ്ധതിയുടെ പ്രചാരണാര്‍ഥം തിങ്കളാഴ്ച പഞ്ചായത്താകെ വിളംബര ജാഥകള്‍ സംഘടിപ്പിക്കും. വൈകീട്ട് മൂന്നുമുതല്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പങ്കെടുക്കും. പഞ്ചായത്തിലെ മുഴുവന്‍ മേഖലയിലെയും ഉപരിതല പ്ളാസ്റ്റിക് നിര്‍മാര്‍ജനത്തിനാണ് ആദ്യം ലക്ഷ്യമിടുന്നത്. എട്ടിന് പഞ്ചായത്തിലെ എല്ലാ താമസക്കാരും വ്യക്തികളും അവരവരുടെ പരിസരത്തെ പ്ളാസ്റ്റിക്കുകള്‍ ശേഖരിക്കും. ഇവ ഗ്രീന്‍ വളന്‍റിയേഴ്സ് ശേഖരിച്ച് നിര്‍മാര്‍ജന യൂനിറ്റിലത്തെിക്കും. കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് ഗ്രീന്‍ വളന്‍റിയര്‍ ടീം. ഓരോ വാര്‍ഡിലും പത്തംഗങ്ങള്‍ വീതമുള്ള യൂനിറ്റുകളാണ് പ്രവര്‍ത്തിക്കുക. വീടുകളില്‍നിന്നും കച്ചവടസ്ഥാപനങ്ങളില്‍നിന്നും മാലിന്യംശേഖരിക്കുന്നതിന് 50 രൂപ വീതവും. ഓഡിറ്റോറിയങ്ങളില്‍നിന്ന് ശേഖരിക്കുന്നതിന് 500 രൂപയും നല്‍കണം. കച്ചവട സ്ഥാനങ്ങളില്‍ പ്ളാസ്റ്റിക് കവറുകള്‍ വില്‍പന നടത്തുന്നത് ജനുവരി ഒന്നുമുതല്‍ നിരോധിക്കും. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും പ്ളാസ്റ്റിക് കവറുകളില്‍ ഭക്ഷണംനല്‍കുന്നതും നിരോധിക്കും. ഓഡിറ്റോറിയങ്ങളിലും മറ്റും ഭക്ഷണം നല്‍കുന്നതിന് പ്ളാസ്റ്റിക് കപ്പുകളും പ്ളേറ്റുകളും ഉപയോഗിക്കാന്‍ പാടില്ല. ഇവ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. കൂടാതെ ഫ്ളക്സ് ബോര്‍ഡുകള്‍ ഒഴിവാക്കി തുണികൊണ്ടുള്ള ബാനറുകള്‍ സ്ഥാപിക്കുന്നതിന് മാത്രമേ അനുമതിനല്‍കൂ. കുറക്കോട് മുതല്‍ കോരാണി വരെ ദേശീയപാതയോരത്ത് മാലിന്യംതള്ളുന്നത് തടയാന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുകയും ചെയ്യും. മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നത് സംബന്ധിച്ച് നിര്‍ദേശം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.