വള്ളക്കടവ് പാലത്തില്‍ ഗതാഗതം നിരോധിച്ചു; നാട്ടുകാര്‍ വലയുന്നു

വള്ളക്കടവ്: ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ പാലത്തില്‍ ഗതാഗതം നിരോധിച്ചതില്‍ പ്രതിഷേധവുമായി ആക്ഷന്‍ കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍. വള്ളക്കടവിനെ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ ആറാട്ട് കടന്നുപോകുന്ന വള്ളക്കടവ് പാലത്തിലാണ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഗതാഗതം നിരോധിച്ചത്. വാഹനങ്ങളില്‍ ഹൈവേയില്‍ എത്തേണ്ടവര്‍ കിലോമീറ്ററോളം സഞ്ചരിച്ച് പൊന്നറ പാലം കടക്കണം. എന്നാല്‍, പൊന്നറ പാലവും അപകടാവസ്ഥയിലാണ്. ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങള്‍ പോകരുതെന്ന് നേരത്തേ മുന്നറിയിപ്പും നല്‍കിയതാണ്. പുനര്‍നിര്‍മാണത്തിന് പകരം സമീപം കാല്‍നടക്ക് ഇരുമ്പുപാലം നിര്‍മിച്ച് തല്‍ക്കാലം അധികൃതര്‍ തടിയൂരുകയായിരുന്നു. അതേസമയം, വള്ളക്കടവ് പാലത്തില്‍ ഗതാഗതം നിരോധിച്ചതോടെ ഭാരം കയറ്റിയ വാഹനങ്ങള്‍ ഇതുവഴിയാണ് പോകുന്നത്. വലിയതുറയില്‍നിന്ന് ജില്ലയിലെ റേഷന്‍ സാധനങ്ങള്‍ കയറ്റിയ ലോറികള്‍ ദിവസവും ഇതുവഴി പോകുന്നത് നാട്ടുകാരില്‍ ഓരോ ദിവസവും ഭീതി ജനിപ്പിക്കുകയാണ്. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമേ പാലം അടക്കാവൂവെന്ന് വയ്യാമൂല ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫിസര്‍ കെ.എന്‍. സതീഷ് മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു. ആറാട്ട് കടന്നുപോകുന്ന ദിവസം കണക്കിലെടുത്ത് വിമാനങ്ങളുടെ സമയത്തില്‍പോലും മാറ്റം വരുത്താറുണ്ട്. കൂടാതെ, പുതുതായി പണിയുമ്പോള്‍ പാലത്തിന്‍െറ വീതി കുറയുമെന്നും ഇതിനാല്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പാലം ബലപ്പെടുത്തണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്. ഇതിനുപുറമെ, പാര്‍വതി പുത്തനാര്‍ നവീകരണത്തിന്‍െറ പേരില്‍ വള്ളക്കടവ് മുതല്‍ പൊന്നറവരെയുള്ള ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.