അയിത്തത്തിന് മഞ്ഞുരുക്കമില്ല; കോര്‍പറേഷനില്‍ അമര്‍ഷമടക്കി സി.പി.ഐ

തിരുവനന്തപുരം: ഭരണകക്ഷിയിലെ പ്രധാനമുന്നണിയായ സി.പി.ഐയോടുള്ള അയിത്തത്തിന് കോര്‍പറേഷന്‍ ഭരണത്തില്‍ ഇനിയും മഞ്ഞുരുക്കമില്ല. ഏറ്റവും ഒടുവില്‍, വിരമിച്ച ജീവനക്കാര്‍ക്കായി കഴിഞ്ഞദിവസം സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിനിടെ പ്രസംഗത്തില്‍ മേയര്‍ പരസ്യമായി അധിക്ഷേപിച്ചെന്നാണ് പരാതി ഉയര്‍ന്നത്. ഇതില്‍ പ്രതിഷേധിച്ച് അധ്യക്ഷസ്ഥാനത്തിരുന്ന സി.പി.ഐ കൗണ്‍സിലറും ഡെപ്യൂട്ടി മേയറുമായ രാഖി രവികുമാര്‍ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. തുടര്‍ന്ന് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീതാഗോപാലിന്‍െറ സാന്നിധ്യത്തിലാണ് യോഗം തുടര്‍ന്നത്. കൂടാതെ സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുത്ത കണ്‍സള്‍ട്ടന്‍സിയുമായി നടന്ന ആദ്യവട്ട ചര്‍ച്ചയിലും ഡെപ്യൂട്ടി മേയര്‍ക്ക് ക്ഷണമുണ്ടായില്ല. ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനുമായി കരാറിലേര്‍പ്പെടുന്നതിന് മുന്നോടിയായി വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലേക്കാണ് ഡെപ്യൂട്ടി മേയറെ ക്ഷണിക്കാഞ്ഞത്. മേയറും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കമ്പനി പ്രതിനിധികളുമായി ചര്‍ച്ചതുടങ്ങിയ കാര്യം അറിഞ്ഞാണ് സ്ഥിരംസമിതി അംഗങ്ങള്‍ തന്നെ എത്തിയതെന്നും പറയപ്പെടുന്നു. സി.പി.ഐയോട് ഭരണത്തിലെ മുഖ്യകക്ഷിയായ സി.പി.എം തുടക്കംമുതല്‍ തന്നെ മുഖംതിരിച്ചു നില്‍ക്കുന്നുവെന്നാണ് പ്രധാന ആക്ഷേപം. എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സി.പി.ഐ കൗണ്‍സിലര്‍മാരും പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറും തങ്ങളുടെ പ്രതിഷേധം പലതവണ അറിയിക്കുകയും ചെയ്തിരുന്നു. കോര്‍പറേഷന്‍െറ 75ാം വാര്‍ഷികാഘോഷം കൊണ്ടാടിയപ്പോഴും ഉദ്ഘാടനചടങ്ങിലടക്കം സി.പി.ഐ കൗണ്‍സിലര്‍മാരെ പങ്കെടുപ്പിച്ചിരുന്നില്ല. കഴിഞ്ഞദിവസം ഡെപ്യൂട്ടി മേയര്‍ ഇറങ്ങിപ്പോയതിന് പിന്നാലെ സി.പി.ഐ സംഘടനയായ കേരള മുനിസിപ്പല്‍ കോര്‍പറേഷന്‍ സ്റ്റാഫ് ഫെഡറേഷന്‍ ഭാരവാഹികളും പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. ഇത്തരം സമീപങ്ങളില്‍ മനമുരുകികഴിയുന്ന സി.പി.ഐ അംഗങ്ങള്‍ അടുത്തുചേരുന്ന കോര്‍പറേഷനിലെ എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പൊട്ടിത്തെറിക്കുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.