ശമ്പളദിനം സമ്മിശ്രം

തിരുവനന്തപുരം: നോട്ട് നിരോധനത്തിനുശേഷം ആദ്യമായത്തെിയ ശമ്പളദിനം സര്‍ക്കാര്‍ ജീവനക്കാരെ തൊട്ടുംതലോടിയും കടന്നുപോയി. പലര്‍ക്കും ആദ്യയാഴ്ച 24,000 രൂപ പിന്‍വലിക്കാമെന്നത് അനുഗ്രഹമായെങ്കിലും ജോലിസമയത്ത് മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് പലരെയും വിഷമത്തിലാക്കിയത്. അതേസമയം, ട്രഷറികളിലും ബാങ്കുകളിലും കൃത്യമായ ചില്ലറയും പുതിയ നോട്ടുകളും ഉണ്ടായിരുന്നതിനാല്‍ എത്തിയവരെല്ലാവരും കിട്ടിയതുംകൊണ്ട് സന്തോഷത്തിലാണ് മടങ്ങിയത്. എന്നാല്‍ ഗ്രാമീണമേഖലയില്‍ സബ് ട്രഷറികളിലും ബാങ്കുകളിലും എത്തിയത് വളരെ തുച്ഛമായ തുകയായതിനാല്‍ നേരിയ പ്രതിസന്ധിയും ബാങ്ക് അധികൃതരും ജനങ്ങളും അനുഭവിച്ചു. പല ട്രഷറികളിലും നല്‍കേണ്ട തുകയുടെ പകുതിപോലും എത്തിയില്ല. ഉച്ചയോടെ സബ് ട്രഷറികളിലും ബാങ്കുകളിലും പണം തീര്‍ന്നു. 80 ശതമാനം എ.ടി.എമ്മുകളും പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടില്ല. ചെറിയതുക എടുക്കാനും ശമ്പളത്തിനുമായി എത്തിയവരും ചേര്‍ന്നപ്പോള്‍ ഗ്രാമീണമേഖലയിലെ ബാങ്കുകളിലും സബ് ട്രഷറികളുടെ മുന്നിലും നീണ്ടനിര രൂപപ്പെട്ടു. ജില്ല ട്രഷറിയില്‍ രാവിലെമുതല്‍ മുടക്കമില്ലാതെ പണവിതരണം നടന്നു. ശമ്പളത്തിനും പെന്‍ഷനും പുറമേ ബില്ലുകളും ഇവിടെ മാറിനല്‍കി. പുതിയ നോട്ടുകള്‍ക്ക് പുറമേ മതിയായ ചില്ലറ നോട്ടുകളും ഇടപാടുകാര്‍ക്ക് നല്‍കി. കിഴക്കേകോട്ടയിലെ ട്രഷറിയില്‍ പെന്‍ഷന്‍കാരുടെ വലിയൊരുനിരതന്നെ ഉണ്ടായിരുന്നു. 2,000, 500 രൂപയുടെ നോട്ടുകള്‍ മാത്രമാണ് ഇവിടെ നല്‍കിയത്. രാവിലെ 10 മുതല്‍ വൈകീട്ട് വരെ കൃത്യമായി ട്രഷറികള്‍ പ്രവര്‍ത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.