വര്‍ക്കല നഗരസഭ കൗണ്‍സിലില്‍ ബഹളം

വര്‍ക്കല: ബുധനാഴ്ച നടന്ന വര്‍ക്കല നഗരസഭ കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങി അലങ്കോലമായി. നഗരസഭ നേതൃത്വത്തിന്‍െറ കെടുകാര്യസ്ഥതയിലും ചെയര്‍പേഴ്സന്‍െറ ഏകാധിപത്യ പ്രവണതയിലും പ്രതിഷേധിച്ച് പ്രതിപക്ഷത്തെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യോഗം ബഹിഷ്കരിച്ചു. ബാനറുകളും പ്ളക്കാര്‍ഡുകളും ഉയര്‍ത്തിപ്പിടിച്ച് ഡയസിന് മുന്നിലത്തെിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം മുഴക്കി. ഇത് പ്രതിരോധിക്കാന്‍ സി.പി.എം കൗണ്‍സിലര്‍മാരും രംഗത്തത്തെിയതോടെ യോഗം അലങ്കോലപ്പെട്ടു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളോടെ പുറത്തുപോയി. സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരള മിഷന്‍ പദ്ധതിയുടെ ആലോചനയായിരുന്നു അജണ്ടയില്‍ മുഖ്യയിനം. ഇതിലാണ് ബഹളം നടന്നത്. 30ന് മുമ്പ് വാര്‍ഡുതല സംഘടന സമിതി രൂപവത്കരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നഗരസഭ നടപ്പാക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്. വാര്‍ഡുതല സമിതികള്‍ രൂപവത്കരിക്കണമെന്ന ഉത്തരവ് ഉള്‍പ്പെടെ അജണ്ടയില്‍ ചേര്‍ന്നതാണ് പ്രതിപക്ഷം ആയുധമാക്കിയത്. ഭരണനേതൃത്വം തികഞ്ഞ അലംഭാവമാണ് കാണിച്ചതെന്നും ഇനിയെന്ന് വാര്‍ഡുതല സമിതികള്‍ രൂപവത്കരിക്കുമെന്നും തീയതി മാറ്റാനും ഉത്തരവ് ലംഘിക്കാനും ചെയര്‍പേഴ്സനും സെക്രട്ടറിക്കും അധികാരമുണ്ടോയെന്നുമുള്ള ചോദ്യവുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ജയശ്രീ, പ്രദീപ്, പ്രസാദ്, ഷാജഹാന്‍ എന്നിവര്‍ എഴുന്നേറ്റു. എന്നാല്‍, അജണ്ട മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്ന ചെയര്‍പേഴ്സന്‍െറ മറുപടി പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിതരാക്കി. ബഹളം തുടര്‍ന്നെങ്കിലും വിശദീകരണം നല്‍കിയ സെക്രട്ടറിയുടെ മറുപടി തൃപ്തികരമാണെന്നായി പ്രതിഷേധക്കാര്‍. പിന്നീട് കൗണ്‍സിലര്‍മാര്‍ വിഷയത്തില്‍ ഇടപെട്ട് ചര്‍ച്ച നടത്തിയെങ്കിലും ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത വയോമിത്രം പദ്ധതിയുടെ ചടങ്ങിന് പ്രതിപക്ഷത്തെ ക്ഷണിച്ചില്ളെന്നും പ്രദീപും ജയശ്രീയും പറഞ്ഞതും ചെയര്‍പേഴ്സനെ ചൊടിപ്പിച്ചു. തുടര്‍ന്ന് ഷാജഹാനും പ്രസാദും സംസാരിച്ചപ്പോഴും ചെയര്‍പേഴ്സന്‍ ബിന്ദു ഹരിദാസ് പലവട്ടം പ്രകോപിതയായി ചാടിയെഴുന്നേറ്റു. ബഹളമുണ്ടാക്കുന്നവരെ ഹാളില്‍നിന്ന് പുറത്താക്കുമെന്നായി ചെയര്‍പേഴ്സന്‍. എങ്കിലത് കാണട്ടെയെന്നും ധൈര്യമുണ്ടെങ്കില്‍ സസ്പെന്‍ഡ് ചെയ്യൂവെന്നും വൈ. ഷാജഹാനും പ്രസാദും ചെയര്‍പേഴ്സനെ വെല്ലുവിളിച്ചു. ഇതോടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബാനറുകളും പ്ളക്കാര്‍ഡുകളും നിവര്‍ത്തി മുദ്രാവാക്യം വിളികളുമായി ഡയസിന് മുന്നിലത്തെി. ഇവരെ പ്രതിരോധിക്കാന്‍ സി.പി.എം കൗണ്‍സിലര്‍മാരായ ഉണ്ണികൃഷ്ണന്‍, ശിശുപാലന്‍, സജിത്റോയി എന്നിവരുമത്തെി. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ ചെയര്‍പേഴ്സന്‍ തയാറാകാത്തതും വിമര്‍ശനവിധേയമായി. അപ്പോഴും ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ബഹളത്തിലോ പ്രതിഷേധത്തിലോ പങ്കുകൊണ്ടില്ല. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നഗരസഭ ഭരണത്തെ അംഗീകരിക്കുകയാണെന്ന് സി.പി.എം കൗണ്‍സിലറായ സജിത്റോയി വിളിച്ചുപറഞ്ഞത് അവരെ പ്രകോപിപ്പിച്ചു. ചെയര്‍പേഴ്സന്‍െറ നടപടി ബാലിശമാണെന്നും ബി.ജെ.പി കൗണ്‍സിലര്‍മാരായ സുനില്‍കുമാറും പ്രിയാ ഗോപനും പറഞ്ഞു. എന്നാല്‍, കഴിഞ്ഞ യു.ഡി.എഫ് നഗരസഭ ഭരണത്തില്‍ അഴിമതിയും ഫണ്ട് വകമാറ്റലും നിര്‍ലോപം നടത്തിയവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും ആ അഴിമതിക്കഥകള്‍ ഉടന്‍ പുറത്തുവിടുമെന്നും ചെയര്‍പേഴ്സന്‍ ബിന്ദു ഹരിദാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.