കോര്‍പറേഷന്‍ സ്മാര്‍ട്ട് സിറ്റി : ബംഗളൂരു കമ്പനിയുമായി നാളെ കരാര്‍ ഒപ്പിടും

തിരുവനന്തപുരം: രൂപരേഖ തയാറാക്കലിന് ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനെ തെരഞ്ഞെടുത്തതോടെ സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് വേഗതയേറും. കണ്‍സള്‍ട്ടന്‍സി തെരഞ്ഞെടുപ്പില്‍ കുറവ് തുകയായ 24,67,670 രൂപ ക്വോട്ട് ചെയ്താണ് ബംഗളൂരു ആസ്ഥാനമായ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് തലസ്ഥാനത്തിനുവേണ്ടി സ്മാര്‍ട്ട് സിറ്റി രൂപരേഖ തയാറാക്കുന്നതിനുള്ള യോഗ്യത നേടിയത്. ഈ സ്ഥാപനവുമായി വെള്ളിയാഴ്ച കോര്‍പറേഷന്‍ കരാര്‍ ഒപ്പിടും. ശേഷം സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി രൂപവത്കരിച്ചിട്ടുള്ള ടെക്നിക്കല്‍ കമ്മിറ്റിയുമായി ചര്‍ച്ചനടത്തി തുടര്‍ നടപടി തീരുമാനിക്കും. രൂപരേഖ തയാറാക്കുന്നത് ഉള്‍പ്പെടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആശയ പ്രചാരണാര്‍ഥമുള്ള പരിപാടികളെല്ലാം ഈ സ്ഥാപനത്തിന്‍െറ സഹകരണത്തോടെയാകും നടപ്പാക്കുക. കേന്ദ്രം നിര്‍ദേശിച്ചുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വേണം രൂപരേഖ തയാറാക്കേണ്ടത്. പ്രവര്‍ത്തന മികവ്, ചെലവ് എന്നിവ കണക്കാക്കിയാണ് കണ്‍സള്‍ട്ടന്‍സിയെ തെരഞ്ഞെടുത്തത്. പദ്ധതി നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാറിനു കൈമാറുന്നതുവരെയുള്ള നടപടിക്രമങ്ങള്‍ക്ക് വഴികാട്ടിയാകുന്നതും കണ്‍സള്‍ട്ടന്‍സിയാകും. വാര്‍ഡുതല സമിതികളില്‍ നിന്നുള്‍പ്പെടെ കോര്‍പറേഷന്‍ സമാഹരിച്ച നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് ഡിസംബര്‍ മധ്യത്തോടെ കണ്‍സള്‍ട്ടന്‍സിക്ക് കൈമാറും. സ്മാര്‍ട്ട് സിറ്റി പദവി ലഭിക്കുന്നതിന് ഡിസംബര്‍ അഞ്ചിന് മുമ്പ് രൂപരേഖ സമര്‍പ്പിക്കണമെന്നായിരുന്നു കേന്ദ്രം ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് 2017 മാര്‍ച്ച് 25ലേക്ക് മാറ്റി. മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി കേന്ദ്രം നല്‍കുന്ന 500 കോടിയുള്‍പ്പെടെ 1000 കോടിയുടെ നിക്ഷേപമാണ് സ്മാര്‍ട്ട് സിറ്റി പദവി ലഭിച്ചാല്‍ തലസ്ഥാനത്തിന് ലഭിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.