പുതിയ മാസ്റ്റര്‍ പ്ളാന്‍ ഒരുവര്‍ഷത്തിനകം

തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവരുകയും പ്രതിഷേധങ്ങള്‍ക്കൊടുവില്‍ റദ്ദാക്കുകയും ചെയ്ത മാസ്റ്റര്‍പ്ളാനിലെ വിവാദഭാഗങ്ങള്‍ ഒഴിവാക്കി ഇടക്കാല വികസന ഉത്തരവ് (ഇന്‍ററിങ് ഡെവലപ്മെന്‍റ് ഓര്‍ഡര്‍) ഇറക്കാന്‍ കോര്‍പറേഷന്‍ ഒരുങ്ങുന്നു. ഡിസംബര്‍ 15നകം ഇടക്കാല വികസന ഉത്തരവ് തയാറാക്കി സര്‍ക്കാറിന് നല്‍കും. ഇടക്കാല ഉത്തരവ് ഇറക്കുന്നതിനും പുതിയ മാസ്റ്റര്‍പ്ളാന്‍ തയാറാക്കുന്നതിനും മേയര്‍ അധ്യക്ഷനായി സമിതി രൂപവത്കരിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന കൗണ്‍സില്‍യോഗം അനുമതി നല്‍കി. അതേസമയം, സേവനനികുതി, ട്രാഫിക് വാര്‍ഡന്‍മാരുടെ നിയമനം അടക്കം കഴിഞ്ഞ കൗണ്‍സിലില്‍ മാറ്റിവെച്ച വിഷയങ്ങള്‍ ചര്‍ച്ചക്ക് വന്നില്ല. മാസ്റ്റര്‍പ്ളാന്‍ മരവിപ്പിച്ചതിനാല്‍ പലയിടത്തും വികസനപ്രവര്‍ത്തനങ്ങളും നിര്‍മാണങ്ങളും നിലച്ചിരിക്കയാണ്. വീടുവെക്കാന്‍ പോലും പറ്റാത്ത സ്ഥിതി നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവുമായി മുന്നോട്ട് പോകുന്നത്. ടൗണ്‍പ്ളാനിങ് നിയമമനുസരിച്ച് പുതിയ മാസ്റ്റര്‍പ്ളാന്‍ നിലവില്‍ വരുന്നതുവരെ നഗരത്തിന്‍െറ വികസനം നിയന്ത്രിക്കുന്നതിന് ഇടക്കാല ഉത്തരവ് വേണമെന്ന് മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. ഇപ്പോഴുള്ള മാസ്റ്റര്‍പ്ളാനില്‍ തര്‍ക്കമുള്ള ഭാഗങ്ങള്‍ ഒഴിവാക്കും. പൊതുജനങ്ങളില്‍നിന്നും വിദഗ്ധരില്‍നിന്നുമുള്ള അഭിപ്രായങ്ങള്‍ കമ്മിറ്റി സ്വരൂപിക്കും. കോര്‍പറേഷന്‍ സെക്രട്ടറിയാണ് കണ്‍വീനര്‍. കൗണ്‍സില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികള്‍, ജില്ല ടൗണ്‍പ്ളാനര്‍, കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഇടക്കാല ഉത്തരവ് കൗണ്‍സില്‍ അനുമതിയോടെ വേണം സര്‍ക്കാറിന് സമര്‍പ്പിക്കാന്‍. തുടര്‍ന്ന്, മാസ്റ്റര്‍പ്ളാനുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യന്നതിന് സ്പെഷല്‍ കൗണ്‍സില്‍ വിളിക്കും. ജനങ്ങളുമായുള്ള വിശദചര്‍ച്ചക്ക് ശേഷമാകണം പുതിയ മാസ്റ്റര്‍പ്ളാന്‍ അവതരിപ്പിക്കേണ്ടതെന്ന് കക്ഷിഭേദമെന്യെ കൗണ്‍സിലര്‍മാര്‍ അഭിപ്രായപ്പെട്ടു. ജെ.എന്‍.എന്‍.യു.ആര്‍.എമ്മിന് കീഴിലെ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ പണം ആവശ്യമുള്ളതിനാല്‍ മറ്റു പദ്ധതികളില്‍നിന്ന് തുക വകമാറ്റാനും തീരുമാനിച്ചു. കുടിവെള്ള പൈപ്പ് ലൈനുകളെ ഗാര്‍ഹികാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്നതിനുള്ള ശൃംഖല രൂപവത്കരിക്കാനാണിത്. ജനുറം പദ്ധതിക്ക് ഇനി ബാക്കിയുള്ളത് നാലുമാസമാണ്. ഈ സാഹചര്യത്തിലാണ് തുകവകമാറ്റുന്നത്. 84.09 കോടി രൂപക്ക് ഭരണാനുമതി ലഭിച്ച പദ്ധതികളില്‍ 50.48 കോടി ചെലവായതായി മേയര്‍ അറിയിച്ചു. ബാക്കി പണി പൂര്‍ത്തീകരിക്കാന്‍ 75.72 കോടിയോളം വേണം. ജനുറം പദ്ധതിയിലെ മറ്റു പദ്ധതികളില്‍നിന്ന് 28.81 കോടിയാണ് വകമാറ്റുന്നത്. കൂടാതെ, പദ്ധതിക്കായി വേണ്ടി വരുന്ന 46.91 കോടി സര്‍ക്കാറിനോട് ആവശ്യപ്പെടാനും കൗണ്‍സില്‍ അനുമതി നല്‍കി. കരാറുകാരെ കണ്ടത്തെുന്നതിന് ദര്‍ഘാസ് നടപടികള്‍ ആരംഭിക്കാനും തീരുമാനിച്ചു.ജനുറം പദ്ധതിയിലെ കുടിവെള്ളപദ്ധതിക്കായി അനുവദിച്ചവയില്‍ 8.20 കോടിയും വെള്ളപ്പൊക്ക നിവാരണത്തിനായുള്ള 4.47 കോടിയില്‍ മൂന്നുകോടി രൂപയും വകമാറ്റും. ഇ-ഗവേര്‍ണന്‍സിനായി അനുവദിച്ച 9.82 കോടി രൂപയും വകമാറ്റുന്നുണ്ട്. സ്വീവേജ് പദ്ധതികള്‍ക്കായി അനുവദിച്ച 14.40 കോടി രൂപയില്‍ 7.20 കോടി വകമാറ്റും. കൗണ്‍സിലര്‍മാരായ ബീമാപള്ളി റഷീദ്, പാളയം രാജന്‍, എം.ആര്‍. ഗോപന്‍, സോളമന്‍ വെട്ടുകാട്, ഡി. അനില്‍ കുമാര്‍, കെ. അനില്‍ കുമാര്‍, അഡ്വ. ഗിരികുമാര്‍, നാരായണമംഗലം രാജേന്ദ്രന്‍, ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ വ്യക്തമാക്കി. വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി പാസാക്കിയ വിഷയങ്ങളും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.